കൊട്ടാരക്കര : ബോയ്സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിലെ മൺകൂന നീക്കംചെയ്യാത്തതിനാൽ കൊട്ടാരക്കര ഉപജില്ല കായികമേളയിലെ ഭൂരിഭാഗം മത്സരങ്ങളും കുഴിമതിക്കാട് ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിലേക്കു മാറ്റി.

To advertise here,

ഉപജില്ലയിലെ വിദ്യാർഥികളെയും അധ്യാപകരെയും ഏറെ വലയ്ക്കുന്നതായിട്ടും കായികമേളയ്ക്കു മുൻപായി മണ്ണ് നീക്കംചെയ്യണമെന്ന ആവശ്യം നടപ്പാക്കാൻ നഗരസഭയ്ക്കായില്ല. ജിയോളജി അനുമതി വൈകിയതാണ് മണ്ണുനീക്കുന്നതിനു തടസ്സമായതെന്നും അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും നഗരസഭാധികൃതർ പറയുന്നു.

സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി നീക്കംചെയ്ത മേൽമണ്ണും സ്‌കൂൾ മതിൽ നിർമാണത്തിന്റെ ഭാഗമായി നീക്കിയ മണ്ണുമാണ് സ്റ്റേഡിയത്തിന്റെ ഒരുഭാഗത്തു കൂട്ടിയിട്ടിരിക്കുന്നത്.

സ്റ്റേഡിയത്തിന്റെ തുടർനിർമാണം തടസ്സപ്പെട്ടതു കൂടാതെയാണ് ഉപജില്ലാ സ്‌കൂൾ കായികമേളയ്ക്കും മൺകൂന തടസ്സമായത്. ഗ്രൗണ്ട് ഉപയോഗയോഗ്യമാക്കി നൽകണമെന്നുകാട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നഗരസഭാധികൃതർക്ക് കത്തുനൽകിയെങ്കിലും അർഹിച്ച ഗൗരവത്തോടെ അധികൃതരോ ഉദ്യോഗസ്ഥരോ പരിഗണിച്ചില്ലെന്ന ആരോപണമുയരുന്നു. ജിയോളജി ഉദ്യോഗസ്ഥർ കഴിഞ്ഞ 19-ന് സ്ഥലപരിശോധന നടത്തിയിരുന്നു. എന്നിട്ടും കായികമേളയ്ക്കു മുൻപായി മണ്ണു നീക്കാൻ കഴിഞ്ഞില്ല.

മൈലത്തെ കാരൂർ സ്‌റ്റേഡിയത്തിലേക്ക് മണ്ണു മാറ്റാൻ ധാരണയുണ്ടെങ്കിലും ആരും മുൻകൈയെടുത്തില്ല. ഉപജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നയിടമെന്ന നിലയിലും എല്ലാ മത്സരങ്ങളും നടത്താൻ കഴിയുന്ന ഗ്രൗ​ണ്ടെ​ന്ന നിലയിലും ഉപജില്ലാ കായികമേളകളും റവന്യൂ ജില്ലാ കായികമേളയും കൊട്ടാരക്കര ബോയ്സ് സ്‌റ്റേഡിയത്തിലാണ്‌ നടത്തിയിരുന്നത്.

ഇവിടെനിന്ന് മേള മാറ്റേണ്ടിവരുമ്പോഴുണ്ടാകുന്ന അധികച്ചെലവും പ്രയാസങ്ങളും വലുതാകുമെന്ന് കായികാധ്യാപകർ സൂചിപ്പിക്കുന്നു.

ആദ്യദിനം ത്രോ ഇനങ്ങൾ മാത്രം

കൊട്ടാരക്കര ഉപജില്ലാ കായികമേളയിലെ ത്രോ ഇനങ്ങൾ മാത്രം ആദ്യദിനമായ ബുധനാഴ്ച കൊട്ടാരക്കര ബോയ്സ് സ്‌റ്റേഡിയത്തിൽ നടത്തും. ട്രാക്കിനങ്ങളും മറ്റു മത്സരങ്ങളുമെല്ലാം വ്യാഴം, ശനി ദിവസങ്ങളിലായി കുഴിമതിക്കാട് ജി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടത്തും.