റാന്നി: മഴയോ മഴ മുന്നറിയിപ്പോ എത്തിയാൽ റാന്നി ജനതയ്ക്ക് ഭയമാണ്. പ്രത്യേകിച്ച് നദികളുടെയും വലിയ തോടുകളുടെയും തീരവാസികൾക്ക്. കാരണം മുൻകരുതലുകളെടുക്കും മുമ്പാണ് വെള്ളം പാഞ്ഞെത്തി എല്ലാം നശിപ്പിക്കുന്നത്.
10 വർഷത്തിനിടെ രണ്ട് തവണയാണ് ജനം ഇതനുഭവിച്ചത്. 2018 ഓഗസ്റ്റ് 15-ഉം, 2026 ഓഗസ്റ്റ് ഒന്നും. റാന്നി ടൗണിലെ കടകളടക്കമാണ് വെള്ളത്തിൽ മുങ്ങിയത്. റാന്നി കടൽപോലെ ആയ ദിനങ്ങൾ.
2018 ഓഗസ്റ്റ് 14-ന് രാത്രി സമാധാനത്തോടെ ഉറങ്ങാൻ കിടന്ന പലരും പുലർച്ചെ ഉണരുമ്പോൾ വീട് വെള്ളത്തിൽ മുങ്ങുന്ന കാഴ്ചയോടെയാണ്. ചുറ്റും വെള്ളം പിന്നീട് രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. ഒന്നാംനിലയിലും രണ്ടാംനിലയിലും കയറിയിട്ടൊന്നും രക്ഷയില്ലാതെ വന്ന സ്ഥിതി. രക്ഷിക്കണേ എന്ന ഫോൺ വിളികൾ... വീടുകളിലെ വാർപ്പ് മുതൽ ഹെലികോപ്റ്റർ വരെയാണ് രക്ഷാപ്രവർത്തനുണ്ടായിരുന്നത്. ആശുപത്രികളിൽ കഴിഞ്ഞവരെ വരെ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തിയ സംഭവങ്ങൾ. ഒരു ജീവൻപോലും നഷ്ടമായില്ലെന്നത് മാത്രമാണ് ഏറെ ആശ്വാസമായത്.
വീടുകളിലുണ്ടായിരുന്നതെല്ലാം നഷ്ടമായി. റാന്നി ടൗണിൽ മുഴുവൻ കടകളും വെള്ളത്തിൽ മുങ്ങിയ ദിനം. സ്റ്റാൻഡുകളിൽ കിടന്ന ബസുകൾ, ഷോറൂമുകളിലുണ്ടായിരുന്ന പുതിയ കാറുകളടക്കം വാഹനങ്ങൾ എല്ലാം വെള്ളത്തിൽ. കൂടാതെ എല്ലായിടത്തും ഡാമിൽനിന്ന് ഒലിച്ചെത്തിയ ചെളിമണ്ണ്. മൂന്ന് ദിവസംകൊണ്ട് റാന്നിയിലെ വെള്ളമിറങ്ങിയെങ്കിലും റോഡിലെ ചെളിമണ്ണ് നീക്കി ഗതാഗതം പുനരാരംഭിക്കാൻ ദിവസങ്ങൾ വേണ്ടിവന്നു. വീടുകളും കടകളും പഴയ നിലയിലാക്കാൻ ഒരുമാസം മുതൽ മൂന്നുമാസംവരെ വേണ്ടിവന്നു. നഷ്ടംകാരണം പൂട്ടിപ്പോയ കടകളും ഇതിൽപെടുന്നു. വ്യാപാരികൾക്കുമാത്രം 300 കോടിയിലധികം നഷ്ടമുണ്ടായതായാണ് കണക്കുകൾ വ്യക്തമാക്കിയത്.
2018-ൽ ഏറെ ചർച്ചകളും വിവാദങ്ങളും നടന്നതല്ലാതെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ നേരിടാനുള്ളതൊന്നും നടപ്പാക്കാൻ ഭരണകൂടങ്ങൾക്ക് സാധിച്ചില്ല. 2026-ൽ ഓഗസ്റ്റ് ഒന്നിന് ഇത് ആവർത്തിച്ചു. തലേരാത്രി നദികളിൽ ജലനിരപ്പ് ഭീതിജനകമല്ലാത്ത സ്ഥിതിയിലായിരുന്നു. പുലർച്ചെയോടെ അപ്രതീക്ഷിതമായി നദികൾ കരകവിഞ്ഞ് എല്ലാം വെള്ളത്തിലാവുകയായിരുന്നു. 2018-പോലെ അത്ര ഭീകരമല്ലായിരുന്നുവെങ്കിലും തീര പ്രദേശങ്ങളെല്ലാ വെള്ളത്തിലായി.
റാന്നി ടൗണിലെ മാമുക്കും ഇട്ടിയപ്പാറയും വെള്ളത്തിൽ മുങ്ങി. എന്നാൽ തീരവാസികൾ ഒരുക്കിയ വാട്‌സാപ്പ് കൂട്ടായ്മകളും പരസ്പരസഹകരണവും ഓഗസ്റ്റ് ഒന്നിലെ വെള്ളപ്പൊക്കത്തിന്റെ നഷ്ടങ്ങളുടെ തീവ്രത വൻതോതിൽ കുറയ്ക്കാനായി. അത്തിക്കയം, വടശ്ശേരിക്കര മേഖലകളിൽ ജലനിരപ്പുയർന്നതോടെ ഉണർന്നവരെല്ലാം മറ്റുള്ള വീട്ടുകാരെയും വ്യാപാരികളെയും അറിയിച്ചു. മിക്കവർക്കും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനായി. വ്യാപാരികൾ കഴിയുന്നത്ര സാധനങ്ങൾ സുരക്ഷിതസ്ഥലങ്ങളിലേക്ക് നീക്കി. രണ്ടാംനില വരെ ജലനിരപ്പുയരാതിരുന്നതിനാൽ ഭീകരനഷ്ടങ്ങൾ ഒഴിവായി. ചെളിമണ്ണില്ലാത്തതിനാൽ പുനരധിവാസം വേഗത്തിലുമായി. എങ്കിലും വിവരമറിയാതെപോയവരും സ്ഥലത്തില്ലാതിരുന്നവർക്കുമെല്ലാം വൻനാശമുണ്ടാവുകയുംചെയ്തു. ജനങ്ങളുടെ കൂട്ടായ്മ ഒരുക്കിയ മുന്നറിയിപ്പ് സംവിധാനം സർക്കാർ നടപ്പാക്കിയാൽ തന്നെ വെള്ളപ്പൊക്കമുണ്ടാക്കുന്ന കോടികളുടെ നഷ്ടം ഒഴിവാക്കാം. മലയോരമേഖലയിൽ ജലനിരപ്പുയരുമ്പോൾ തന്നെ എല്ലായിടത്തും അനൗൺസ്‌മെന്റുകളും മൊബൈൽ അലാറവും മറ്റും ഒരുക്കിയാൽ ഇതിന് ഒരു പരിധിവരെ സാധിക്കും. വെള്ളപ്പൊക്കം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞതോടെ ഇത് എല്ലാവരും മറന്നുതുടങ്ങി. പഴയപോലെ ചർച്ചകൾക്ക് ഇനി അടുത്ത വെള്ളപ്പൊക്കംവരെ കാത്തിരിക്കുകയായിരിക്കാം.
Published: 25 Sept 2026, 02:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented