ബമ്പറിനും കാത്തിരിക്കണം
മല്ലപ്പള്ളി : മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ ആകെക്കൂടി ഉണ്ടായിരുന്ന പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് അറ്റകുറ്റപ്പണിക്ക് കയറ്റിയിട്ട് മാസം ഒന്നുകഴിഞ്ഞു. എടപ്പാളിലെ റീജണൽ വർക്ക്ഷോപ്പിലാണ് ബസ്. ഓഗസ്റ്റ് 24-ന് തൃശ്ശൂരിൽ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ബമ്പർ പൊട്ടി.
മുന്നിലെ ഗ്ലാസിൽ പാടുകൾ വീണു. പുതിയ ഗ്ലാസ് സ്ഥാപിച്ചശേഷമേ ബസ് വിട്ടുതരികയുള്ളൂ എന്നാണ് വർക്ക്ഷോപ്പ് അധികൃതരുടെ നിലപാട്. ഇത്രയും നാളായിട്ടും നടപടിയുണ്ടായില്ല. സ്വകാര്യ ബസ് ആണെങ്കിൽ എല്ലാം നന്നാക്കി പിറ്റേന്ന് റോഡിലിറങ്ങുന്ന കാലത്താണ് കെ.എസ്.ആർ.ടി.സി.യുടെ അലംഭാവം.
രാവിലെ 4.30-ന് മല്ലപ്പള്ളിയിൽനിന്ന് തൃശ്ശൂരിന് പുറപ്പെടുന്ന ആദ്യ സർവീസാണിത്. തിരിച്ച് നേരേ തിരുവനന്തപുരത്ത് പോയി അവിടെനിന്ന് വൈകീട്ട് 6.40-ന് മടങ്ങി രാത്രി പത്ത് മണിയോടെ തിരുവല്ല വഴി മല്ലപ്പള്ളിയിൽ എത്തിയിരുന്നു. പ്രീമിയം വണ്ടി വർക്ക്ഷോപ്പിലായതോടെ പകരം സാധാരണ സൂപ്പർ ഫാസ്റ്റ് ഇതേ റൂട്ടിൽ ഓടുന്നുണ്ട്.
പ്രീമിയത്തിന്റെ നിരക്കാണ് സീറ്റ് റിസർവ് ചെയ്ത് കയറുന്ന യാത്രക്കാർ ആദ്യ ദിവസങ്ങളിൽ നൽകേണ്ടി വന്നിരുന്നത്. പരാതി ഉയർന്നതോടെ സാധാരണ വണ്ടിയുടെ ടിക്കറ്റ് തുക ഈടാക്കിയാൽ മതിയെന്ന് തീരുമാനം വന്നു.
ബസ് പ്രീമിയം അല്ലാത്തതിനാൽ രണ്ടായിരംരൂപയോളം പ്രതിദിന വരുമാനം കുറഞ്ഞിട്ടുണ്ട്. ഏകദേശം അരലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും വണ്ടി നന്നാക്കാൻ നടപടിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
Published: 25 Sept 2026, 02:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented