കിളിമാനൂർ : ഗ്രാമീണമേഖലകളിൽ പൊതുമരാമത്ത് റോഡുകളിലടക്കം കാഴ്ച മറയുന്നവിധം വശങ്ങളിൽ പടർന്നുകയറുന്ന കാട് അപകടസാധ്യതയൊരുക്കുന്നു. പാതയോരങ്ങളിൽ ഇരുവശത്തുമായി കാട്ടുചെടികളും പുല്ലും പടർന്നുകയറിയിട്ടും വെട്ടിമാറ്റാൻ നടപടികളില്ല. മിക്ക സ്ഥലങ്ങളിലും മറുവശത്തുനിന്നു വരുന്ന വാഹനങ്ങളുടെ കാഴ്ച മറച്ചുകൊണ്ടാണ് കാട് വളർന്നുകയറിയിട്ടുള്ളത്. ഇത് അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കൊടുംവളവുകളിലാണ് ചെടിപ്പടർപ്പുകൾ കൂടുതൽ അപകടകരമാകുന്നത്. ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്ന റോഡിലൂടെ വാഹനങ്ങളും നല്ല വേഗതയിലാവും സഞ്ചരിക്കുക. പെട്ടെന്ന് മുന്നിൽ വാഹനം കാണപ്പെടുമ്പോൾ കൂട്ടിയിടിക്കാതിരിക്കാൻ വെട്ടിച്ചുതിരിക്കുന്നത് വാഹനത്തിന്റെ നിയന്ത്രണംവിടാനും അപകടത്തിൽപ്പെടാനും ഇടയാക്കുന്നുണ്ട്. വാഹനം വരുന്നതു കാണാതെ റോഡു മുറിച്ചുകടക്കുന്ന കാൽനടക്കാരും അപകടത്തിൽപ്പെടുന്നുണ്ട്. രണ്ടുമാസം മുൻപ് നാവായിക്കുളം-തുമ്പോട്-കൈതോട് റോഡിൽ പനപ്പാംകുന്ന് ജങ്ഷന് സമീപത്തെ വളവിൽ ഇരുചക്രവാഹനമിടിച്ച് വയോധികൻ മരിച്ചു.
റോഡിലേക്ക് കാടു വളർന്നുകിടന്നതിനാൽ എതിർദിശയിൽനിന്ന് അതിവേഗത്തിലെത്തിയ വാഹനം കാണാതെ റോഡു മുറിച്ചുകടന്നതാണ് അപകടത്തിന് കാരണം.
കാട്ടുപന്നിശല്യമുള്ള പ്രദേശങ്ങൾ കൂടിയായതിനാൽ രാത്രിയിൽ സഞ്ചരിക്കുന്നവർക്ക് റോഡരികിലെ കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന പന്നിയെയും സൂക്ഷിക്കണം. കൂടാതെ ഇഴജന്തുക്കൾ പകൽസമയത്തും ഭീഷണിയാണ്. റോഡരികുകൾ ഭക്ഷണാവശിഷ്ടങ്ങളും പാഴ്വസ്തുക്കളും വലിച്ചെറിയാനുള്ള ഇടമാക്കി ചിലർ മാറ്റിയതോടെ തെരുവുനായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
മിക്ക പഞ്ചായത്ത് റോഡരികുകളിലും ഇത്തരത്തിൽ പടർന്നുകയറുന്ന കാട് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കാട് നീക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്നും പരാതിയുയരുന്നുണ്ട്.
Published: 26 Sept 2026, 12:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented