കുമ്പനാട് : കോയിപ്രം കുടിവെള്ളപദ്ധതിയിലെ ജലശുദ്ധീകരണ പ്ലാന്റിനായി നീക്കിവെച്ച 8.5 കോടി രൂപ പകരം വസ്തുവാങ്ങുവാൻ ഉപയോഗിക്കും. ബുധനാഴ്ച മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ ഉത്തരവ് ഇറക്കാൻ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
260 കോടി രൂപ ഭരണാനുമതി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയിൽ 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയ്ക്കുള്ള സ്ഥലം ലഭ്യമാകാതെയാണ് മുമ്പോട്ട് പോകുന്നത്. പഴകുളം മധു എം.എൽ.എ., കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രാമചന്ദ്രൻനായർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ ആർ.വി. സന്തോഷ് കുമാർ തുടങ്ങിയവർ ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം.
മുട്ടുമണ്ണിലെ വസ്തു ഉടമ കൂടുതൽ ഡിമാൻഡുവെച്ചു
മുട്ടുമണ്ണിലുള്ള മൂന്ന് ഏക്കർ 88 സെന്റ് സ്ഥലം വിലയ്ക്കുനൽകുന്നത് കൂടാതെ ആറ് കിലോമീറ്റർ ചുറ്റളവിൽ നാലേക്കർ സ്ഥലം സർക്കാർ ഇടപെട്ട് നികത്തി കൊടുക്കണമെന്നാണ് വസ്തു ഉടമയുടെ പുതിയ ഡിമാൻഡ്. മന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ ഉടമ മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ പകർപ്പ് വായിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും പുതിയ നിർദേശം തള്ളിക്കളഞ്ഞു.
ജലശുദ്ധീകരണശാലയ്ക്കുപകരം സ്ഥലം കണ്ടെത്തിയാലും 8.5 കോടി വിനിയോഗിക്കാൻ സാധിക്കുകയില്ല. സർക്കാർ പ്രത്യേകം ഉത്തരവ് ഇറക്കിയാൽമാത്രമേ പകരം വസ്തുവാങ്ങുവാനായി ഈ തുക വിനിയോഗിക്കാൻ കഴിയുകയുള്ളൂ.
പുറമറ്റം, എഴുമറ്റൂർ, കോയിപ്രം വില്ലേജുകളിൽ പകരം സ്ഥലം കണ്ടെത്തിയെങ്കിലും നടപടികളിലേക്ക് കടക്കുവാൻ ഇതുവരെ സാധിച്ചില്ല. ഇപ്പോൾ ഹൈക്കോടതിയിൽ കെട്ടിവെച്ചിട്ടുള്ള തുക മറ്റ് വസ്തുക്കൾ വാങ്ങിക്കുവാൻ ഉപയോഗിക്കാമെന്ന ഉത്തരവിറക്കിയാൽ മൂന്നുകോടി രൂപയിൽ താഴെയുള്ള വസ്തു ലഭ്യമാക്കാമെന്ന് എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് അനിൽ പൈക്കര പറഞ്ഞു.
തുടർന്നാണ് മന്ത്രി തുടർനടപടികൾക്കായി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ജലശുദ്ധീകരണശാലയ്ക്കായി രണ്ടുമാസംകൊണ്ട്, കേസിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുവോ പകരം വസ്തുവോ കണ്ടെത്തി നൽകാമെന്നുള്ള ഉറപ്പിന്മേലാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള എവറസ്റ്റ് കമ്പനി കരാർ ഒപ്പുവയ്ക്കാൻ തയ്യാറായത്.
മാർച്ച് 12-നാണ് നിർമാണോദ്ഘാടനം നടത്തിയത്. ആറ് മാസം കഴിഞ്ഞിട്ടും വസ്തുവിന്റെ കാര്യത്തിൽ തീരുമാനമായില്ല. മുട്ടുമണ്ണിനു സമീപമുള്ള വസ്തുവിന്റെ മേലുള്ള കേസ് നീളുകയാണ്. ഒരു കേസ് തീരുമ്പോൾ വേറൊരു കേസ് വന്നുകൊണ്ടിരിക്കുന്നു.
Published: 05 Sept 2026, 01:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented