കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷൻ കവലയിൽ സുരക്ഷ വേണ്ടേ?

To advertise here,

കീഴ്വായ്പൂര് : കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിലെ കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ കവല അപകടക്കെണിയായി. ബൈപ്പാസായ പടുതോട് പള്ളിപ്പടി-കീഴ്വായ്പൂര് റോഡ് വന്നുചേരുന്നിടത്ത് തന്നെയാണ് പോലീസ് സ്റ്റേഷൻ, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ബ്ലോക്ക് റിസോഴ്സ് സെന്റർ എന്നിവിടങ്ങളിൽനിന്നുള്ള വഴികളും എത്തുന്നത്. മെയിൻ റോഡ് നവീകരിച്ചതോടെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ വേഗം കൂടുതലാണ്. ക്ഷേത്രങ്ങളുടെ ഭാഗത്തുനിന്ന് കുത്തനെയുള്ള പേരകത്ത് പടി കയറിയെത്തുന്നത് ഇവിടേക്കാണ്.

റോഡിലെ വെള്ളമൊഴുക്ക് കൂടിയാവുമ്പോൾ അപകടസാധ്യത ഇരട്ടിക്കും. ഇവിടെ മുൻപ് ഉണ്ടായിരുന്ന കലുങ്ക് മൂടിപ്പോയി. ഇതിന് പകരം കോൺക്രീറ്റ് കട്ടകൾ ഇട്ട് പണി പൂർത്തിയാക്കുകയാണ് ചുമതല വഹിക്കുന്ന സംസ്ഥാന പൊതുമരാമത്ത് വകുപ്പ് എൻ.എച്ച്.വിഭാഗം ചെയ്തത്.

ഓടകളും നടപ്പാതയും ഇല്ലാത്തതിനാൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. പുളിമല, പോലീസ് സ്റ്റേഷൻ കുന്ന് എന്നിവിടങ്ങളിലെ വെള്ളംകൂടി ചേരുമ്പോൾ കുത്തൊഴുക്കാണിവിടെ. അതുകൊണ്ടുതന്നെ മണലും മെറ്റലും റോഡിൽ ചിതറിക്കിടക്കുന്നു. കയറ്റത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, ചരലും മണ്ണും ചിതറിക്കിടക്കുന്ന ഇവിടെ ഇരുചക്രവാഹനങ്ങൾ തെന്നി മറിയുന്നത് പതിവാണ്.

വ്യാഴാഴ്ച വൈകീട്ട് ഇതിലെ സ്കൂട്ടറിൽ വന്ന സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ തെക്കുംതല കെ.ജി. ഗോപകുമാർ, മകൾ ഗൗതമി കൃഷ്ണ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇരുവരെയും മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെയിൻ റോഡിൽനിന്ന് ഇറങ്ങി വരുമ്പോഴാണ് അപകടം.

സംസ്ഥാന പാതയിലേക്ക് കടക്കും മുൻപ് വാഹനങ്ങൾ നിർത്തി ഇരുപുറവും ശ്രദ്ധിക്കാനാകുന്ന വിധം പേരകത്ത് പടി ചരിവ് കുറച്ച് ഒരു പ്ലാറ്റ്‌ഫോം ഒരുക്കണം. ഇരുവശത്തും ഓട തീർത്താൽ ഹൈവേയിലെ വെള്ളം തടസ്സമാവില്ല.

ഇതിനായി ഭൂതക്കുഴി പടിമുതൽ മണ്ണിട്ട് റോഡ് ഉയർത്തി പണിയണം. കൊല്ലമറ്റം ചിറയിലേക്ക് മുൻപ് ഉണ്ടായിരുന്ന തോടും അതിലെ കലുങ്കും ഇന്ന് കാണാനില്ല. ഇവ നിർമിക്കണം.

പേരകത്ത് പടിയിൽ മല്ലപ്പള്ളിയിലേക്ക് തിരിയുന്ന ഭാഗത്ത് സംസ്ഥാന പാതയുടെ ഇടത് വശം കാടുപിടിച്ച് കിടക്കുകയാണ്. കയറ്റം കയറി വരുന്ന വണ്ടികൾക്ക് മെയിൻ റോഡിൽ വരുന്നവയെ കാണാനാവാത്ത അവസ്ഥയുണ്ട്. അപകടം ഒഴിവാക്കാനായി ഇവിടം കോൺക്രീറ്റ് ചെയ്ത് കാട് വളരുന്നത് ഒഴിവാക്കണം.