കുമ്പനാട് : കോയിപ്രം കുടിവെള്ളപദ്ധതിയിലെ ജലശുദ്ധീകരണ പ്ലാന്റിനായി നീക്കിവെച്ച 8.5 കോടി രൂപ പകരം വസ്തുവാങ്ങുവാൻ ഉപയോഗിക്കും. ബുധനാഴ്ച മന്ത്രി മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. സർക്കാർ ഉത്തരവ് ഇറക്കാൻ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
260 കോടി രൂപ ഭരണാനുമതി ലഭിച്ച ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയിൽ 40 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണശാലയ്ക്കുള്ള സ്ഥലം ലഭ്യമാകാതെയാണ് മുമ്പോട്ട് പോകുന്നത്. പഴകുളം മധു എം.എൽ.എ., അടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വസ്തു ഉടമ കൂടുതൽ ഡിമാൻഡുവെച്ചു
മുട്ടുമണ്ണിലുള്ള മൂന്ന് ഏക്കർ 88 സെന്റ് സ്ഥലം വിലയ്ക്കുനൽകുന്നത് കൂടാതെ ആറ് കിലോമീറ്റർ ചുറ്റളവിൽ നാലേക്കർ സ്ഥലം സർക്കാർ ഇടപെട്ട് നികത്തി കൊടുക്കണമെന്നാണ് വസ്തു ഉടമയുടെ പുതിയ ഡിമാൻഡ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും പുതിയ നിർദേശം തള്ളിക്കളഞ്ഞു. ജലശുദ്ധീകരണശാലയ്ക്കുപകരം സ്ഥലം കണ്ടെത്തിയാലും 8.5 കോടി വിനിയോഗിക്കാൻ സാധിക്കുകയില്ല. സർക്കാർ പ്രത്യേകം ഉത്തരവ് ഇറക്കിയാൽമാത്രമേ പകരം വസ്തുവാങ്ങുവാനായി ഈ തുക വിനിയോഗിക്കാൻ കഴിയുകയുള്ളൂ. പുറമറ്റം, എഴുമറ്റൂർ, കോയിപ്രം വില്ലേജുകളിൽ പകരം സ്ഥലം കണ്ടെത്തിയെങ്കിലും നടപടികളിലേക്ക് കടക്കുവാൻ ഇതുവരെ സാധിച്ചില്ല.
ഇപ്പോൾ ഹൈക്കോടതിയിൽ കെട്ടിവെച്ചിട്ടുള്ള തുക മറ്റ് വസ്തുക്കൾ വാങ്ങിക്കുവാൻ ഉപയോഗിക്കാമെന്ന ഉത്തരവിറക്കിയാൽ മൂന്നുകോടി രൂപയിൽ താഴെയുള്ള വസ്തു ലഭ്യമാക്കാമെന്ന് എഴുമറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് അനിൽ പൈക്കര പറഞ്ഞു.
റാന്നി : റാന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ അടിയന്തരമായി തീർക്കാൻ ജലവിഭവ മന്ത്രി മോൻസ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചതായി പഴകുളം മധു എം.എൽ.എ. അറിയിച്ചു.
റാന്നി പഴവങ്ങാടി, കോട്ടാങ്ങൽ, പെരുമ്പാറ തുടങ്ങി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഹൈദരാബാദ് ആസ്ഥാനമായ സ്ട്രെഫ കമ്പനി ഏറ്റെടുത്ത് മുടങ്ങിക്കിടക്കുന്ന എല്ലാ കുടിവെള്ള പദ്ധതികളുടെയും പുരോഗതി ചീഫ് എൻജിനീയറുടെ സാന്നിധ്യത്തിൽ കരാറുകാരനെ വിളിച്ചുവരുത്തി വിശദമായി പരിശോധിക്കും.
പെരുന്തേനരുവി ഡാമിലെ മണൽ നീക്കം ചെയ്യും
വെച്ചൂച്ചിറയിലും കൊല്ലമുളയിലും നിലവിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പെരുന്തേനരുവി ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമെന്ന് മന്ത്രി ഉറപ്പ് നൽകി.
കേന്ദ്രസഹായത്തോടെ 2024-ൽ പൂർത്തീകരിക്കേണ്ടിയിരുന്ന ചെറുകോൽ-നാരങ്ങാനം, കൊറ്റനാട്-അങ്ങാടി കുടിവെള്ളപദ്ധതികൾ നടപ്പാക്കുന്നതിന് കഴിഞ്ഞ പത്തുവർഷമായി ആത്മാർത്ഥമായ ശ്രമം ഉണ്ടായിട്ടില്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
പതിറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച ചെറിയ വ്യാസമുള്ള പൈപ്പുകൾ ഉപയോഗിക്കുന്നതിനാൽ മലമ്പാറ സ്‌കീമിലെ ടാങ്കിൽ വെള്ളം എത്തിക്കാൻ 18 മണിക്കൂർവരെ എടുക്കുന്ന സാഹചര്യമാണുള്ളതെന്ന് എം.എൽ.എ. ചൂണ്ടിക്കാട്ടി. പൈപ്പ് വാങ്ങി നൽകിയിട്ടും സ്ട്രെഫ കമ്പനിയുടെ അനാസ്ഥകാരണം പ്രവൃത്തി മുന്നോട്ടുപോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ട്രെഫ കമ്പനിയുടെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കാൻ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.
സ്ട്രെഫ കമ്പനി ടെൻഡർ ഏറ്റെടുത്ത പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ചീഫ് സെക്രട്ടറിതലത്തിലുള്ള ചിലർ കമ്പനിക്ക് അനുകൂലമായി ഇടപെടുന്നതായി എം.എൽ.എ ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർതലത്തിൽ ആവശ്യമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുടിവെള്ളപദ്ധതികളുടെ പുരോഗതി സെപ്റ്റംബർ അവസാനത്തോടെ വീണ്ടും അവലോകനം ചെയ്യാനും തീരുമാനിച്ചു. റാന്നിയിലെയും ശബരിമലയിലെയും കുടിവെള്ളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി പമ്പയിൽ പ്രത്യേകയോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അവലോകനയോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മനോജ്, തൊട്ടപ്പുഴശ്ശേരി രാമചന്ദ്രൻ നായർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ബി. സുരേഷ്, ശശികല രാജശേഖരൻ, പ്രമോദ് മന്ദമരുതി, എസ്.രമാദേവി, ഉഷാകേശവൻ, ഗിരിജ മധു, എച്ച്.സുനിൽകുമാർ, ശ്രീദേവി, ബിന്ദു സജി, അനിൽ പൈക്കര, അജീന നജീബ്, സുരേഷ് കുഴിവേലി, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വടശ്ശേരിക്കര, വെച്ചൂച്ചിറ പഞ്ചായത്തുകൾക്ക് മണിയാർ അക്വഡക്ടിൽനിന്ന് ജലം ലഭ്യമാക്കുന്നതിനുള്ള സാധ്യത പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി
വടശ്ശേരിക്കരയിൽ നിലവിലുള്ള പമ്പ് ഹൗസിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താനും നിർദേശമുണ്ട്
Published: 05 Sept 2026, 01:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented