ആറന്മുള പാർഥസാരഥിക്ക് അഷ്ടമിരോഹിണി വള്ളസ്സദ്യ ഇന്ന്
ആറന്മുള : വെള്ളം നനച്ച് വെടിപ്പാക്കിയ തൂശനില മനസ്സുകളാൽ മതിലകം നിറയുന്ന നാൾ. ആശ്രിതർക്കായി അവതാരരൂപം ആവേശിക്കുന്ന ഭഗവാൻ കണ്ണനാമുണ്ണിയാകും. നാമംജപിക്കുന്ന മുഖങ്ങളിൽ നാരായണൻ ചിലങ്കകെട്ടും. കൈകൂപ്പിയെത്തുന്നവർക്കുമുൻപിൽ കൈവല്യമൂർത്തിയാകും. വിളമ്പുന്ന അന്നത്തിൽ വിശ്വരൂപംകാട്ടി വയറുനിറയ്ക്കും. വിളിക്കുന്നവർക്കരികെ വെണ്ണച്ചിരിയുമായി ഒാടിയെത്തും. കൊടിമരച്ചുവട്ടിൽ പാടുന്നവർക്കു മുന്നിൽ പ്രസാദമാകും. പമ്പാ തീർഥത്തിൽ പുളകമായും പള്ളിയോടത്തിൽ അമരരൂപമായും നിറയും. കണ്ണിന് കണ്ടാലും കാതിന് കേട്ടാലും കൊതിതീരാത്തോരമൃതേകി കണ്ണൻ ആകാശഗോപുരം നിറയും. വിഭവ സമൃദ്ധമായ അനുഭവങ്ങളുടെ തൂശനില ഉള്ളിൽ നിറയുന്ന ഭക്തൻ കണ്ണുംകരളും നിറഞ്ഞ് മടങ്ങും.
ചരിത്രപ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യക്ക് തിരുവാറന്മുള ക്ഷേത്രം ഒരുങ്ങി. ആനക്കൊട്ടിൽ വലതുവശം, പടിഞ്ഞാറ് യക്ഷിനട വരെ 52 കരകളിലെ പള്ളിയോടങ്ങൾക്കായി സദ്യ വിളമ്പുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തെക്കുവശത്തുള്ള ഊട്ടുപുരയിൽ ഭക്തർക്ക് സദ്യ നൽകും. രണ്ടുദിവസമായി സദ്യക്കുള്ള വിഭവങ്ങൾ തയ്യാറാക്കുകയാണ്.
ഉച്ചയ്ക്ക് 12 മണിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ആനക്കൊട്ടിൽ തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തിൽ ഭദ്രദീപം കൊളുത്തി നിലവിളക്കിന് മുമ്പിൽ വിഭവങ്ങൾ വിളമ്പും. മേൽശാന്തി വി.എസ്. ശങ്കരൻ നമ്പൂതിരി ശ്രീകോവിലിൽനിന്ന് ദീപം ആനക്കൊട്ടിലിലെ വിളക്കിലേക്ക് കൈമാറും. രാഷ്ട്രീയ, സാമുദായിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
125 ലിറ്റർ അമ്പലപ്പുഴ പാൽപ്പായസം അമ്പലപ്പുഴ അരവിന്ദാക്ഷൻനായയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം ഭാരവാഹികൾ വെറ്റിലയും പുകയിലയും നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പിനായി കൺവീനർ അജയ് ഗോപിനാഥ്, ജോയിന്റ് കൺവീനർ സുരേഷ് പുതുക്കുളങ്ങര, ട്രഷറർ രമേഷ് മാലിമേൽ സേവാസംഘം വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ എന്നിവർ നേതൃത്വം നൽകുന്നു.
പാർഥസാരഥിക്ക് തൈരുമായി ചേനപ്പാടി സംഘം
:വള്ളസ്സദ്യയ്ക്ക് വാഴൂർ തീർഥപാദാനന്ദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരുടെ നേതൃത്വത്തിൽ ചേനപ്പാടി സംഘം 1500 ലിറ്റർ തൈര് ക്ഷേത്രത്തിൽ എത്തിച്ചു. ആചാരവും ഐതിഹ്യവും ചേർന്നുകിടക്കുന്ന ചടങ്ങാണിത്. പുരാതനകാലത്ത് പശുവളർത്തൽ ഏറെയുണ്ടായിരുന്ന ഗ്രാമമായിരുന്നു പൊൻകുന്നം പഞ്ചായത്തിലെ ചേനപ്പാടി ഗ്രാമം. അവിടെനിന്നാണ് തൈര് ആറന്മുളയിൽ എത്തിച്ചിരുന്നത്. ചേനപ്പാടിക്കാരോടുളള ആദര സൂചകമായാണ് കരനാഥൻമാർ വള്ളസദ്യ വഴിപാടിൽ ‘ചേനപ്പാടി രാമച്ചാരുടെ പാളത്തൈരേ...’ എന്ന് വിളിച്ചുചൊല്ലി ചോദിക്കുന്നതെന്നാണ് ഐതിഹ്യം. ഭഗവാന് തൈരുമായി വ്യാഴാഴ്ച രാവിലെ ചേനപ്പാടി സംഘം ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുമ്പിലെത്തി. തൈര് വഹിച്ചുകൊണ്ടുള്ള അലങ്കരിച്ച വാഹനത്തിനുമുമ്പിൽ 250 പേരടങ്ങുന്ന സംഘം നാമസ്തുതികളുമായി ക്ഷേത്രത്തിന്റെ പതിനെട്ടാം പടിക്കുമുമ്പിലെത്തി. ഇവിടെനിന്ന് പള്ളിയോട സേവാസംഘം ഭാരവാഹികൾ സംഘത്തലവന്മാരെ തുളസിമാലയിട്ട് സ്വീകരിച്ച് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചെത്തിയ സംഘം കൊടിമരച്ചുവട്ടിൽ പാളത്തൈര് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവന് കൈമാറി. ചിറക്കടവ്, ചെറുവള്ളി, എരുമേലി എന്നിവിടങ്ങളിലെ ഭക്തരും ചേനപ്പാടി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. കൺവീനർ സുനിൽകുമാർ പഴുക്കാപറമ്പിൽ, പ്രസിഡന്റ് രാജപ്പൻ നായർ കോയിക്കൽ, സെക്രട്ടറി ജയകൃഷ്ണൻ കുറ്റിക്കാട്, ട്രഷറർ അഭിലാഷ് എന്നിവരാണ് ചേനപ്പാടി പാള തൈര് സമർപ്പണസമിതിക്ക് നേതൃത്വം നൽകിയത്.
Published: 04 Sept 2026, 01:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented