അടൂർ : അടൂർ നഗരസഭയ്ക്ക് എതിർവശത്തെ മേൽമൂടിയില്ലാത്ത ഓടയിൽ ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. അഞ്ചൽ സ്വദേശി ടി. സന്തോഷ് കുമാർ (45) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11-നായിരുന്നു അപകടം. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വർഷങ്ങളായി ഇവിടെ ഓട നിർമിച്ചിട്ടെങ്കിലും ഇതുവരെ മേൽമൂടി സ്ഥാപിച്ചിട്ടില്ല. അടൂർ പോലീസ് സ്റ്റേഷനിലേക്ക് തിരിയുന്ന വാഹനങ്ങൾക്കാണ് അപകടഭീഷണി കൂടുതലുള്ളത്. ഇതിനുമുൻപ് കാൽനടയാത്രികർ ഓടയിൽവീണ സംഭവം ഉണ്ടായിട്ടുണ്ട്.
ഓടയുള്ള ഭാഗത്തെ റോഡ് വൺവേ ആയതിനാൽ വാഹനങ്ങൾ പരസ്പരം ഇടതും വലതും വശങ്ങളിലൂടെ മറികടക്കാൻ ശ്രമിക്കുന്നത് പതിവാണ്. ഇതിനിടെ ഓടയോട് ചേർന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടസാധ്യത ഏറെയാണ്.
പലതവണ വാഹനങ്ങൾ ഓടയിൽ വീണിട്ടും പരിഹാരമില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ഭാഗ്യംകൊണ്ടുമാത്രമാണ് പല അപകടങ്ങളിലും യാത്രക്കാർ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ഓടയ്ക്കുസമീപത്തുകൂടി നടക്കുന്ന കാൽനടയാത്രക്കാർക്കും അപകടഭീഷണിയുണ്ട്. ശ്രദ്ധ അൽപ്പം പാളിയാൽ ഓടയിലേക്ക് വീഴാവുന്ന സ്ഥിതിയാണ്.
നഗരസഭയ്ക്ക് മുന്നിലെത്തുന്ന പരിചയമില്ലാത്ത വാഹനയാത്രികർ റവന്യൂ ടവർ, പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് പെട്ടെന്ന് തിരിയാൻ ശ്രമിക്കുന്നതും അപകടത്തിന് കാരണമാകുന്നു. തിരിയുന്നതിനിടെ വാഹനത്തിന്റെ ഏതെങ്കിലും ഒരു ചക്രം ഓടയിൽ വീഴാനുള്ള സാധ്യതയുണ്ട്.
ഓട നിർമിക്കുമ്പോൾ തന്നെ മേൽമൂടി സ്ഥാപിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ഷേപം.
നഗരസഭയുടെ തൊട്ടുമുന്നിൽ തന്നെ വർഷങ്ങളായി അപകടക്കെണി നിലനിൽക്കുമ്പോഴും അതിന് മേൽമൂടിയിടാൻ നടപടിയില്ല.
Published: 05 Sept 2026, 01:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented