
തിരുപ്പൂർ: ചെറിയഉള്ളിയുടെ വില ഇനിയുംകൂടുമെന്ന വിപണിപ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ലാഭംകൊയ്യാനുള്ള തന്ത്രവുമായി തിരുപ്പൂർ ജില്ലയിലെ കർഷകർ. ഇതിന്റെ ഭാഗമായി, വിളവെടുക്കുന്ന ഉള്ളി സൂക്ഷിച്ചുവെച്ച് പിന്നീട് വിൽക്കുന്നതിനായി അവർ കൃഷിയിടങ്ങളിൽത്തന്നെ താൽക്കാലിക ഷെഡുകൾ നിർമിക്കുന്ന തിരക്കിലാണ്.
ചെറിയഉള്ളി ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഉദുമൽപേട്ട, മഠത്തുകുളം, ഗുഡിമംഗലം ബ്ലോക്കുകളിലാണ് കർഷകർ കൃഷിയിടങ്ങളിലും അവർക്കു സ്വന്തമായുള്ള ഇടങ്ങളിലും താത്കാലിക ഷെഡുകൾ സ്ഥാപിച്ചുവരുന്നത്. ഓഗസ്റ്റിൽ കിലോയ്ക്ക് 30 രൂപമാത്രം കിട്ടിയിരുന്നയിടത്ത് ഇപ്പോൾ 50 രൂപവരെ ലഭിക്കുന്നുണ്ടെന്നാണ് കർഷകർ പറയുന്നത്.
ഇവരിൽ നിന്ന് നേരിട്ടെത്തി ഉള്ളിവാങ്ങുന്ന മൊത്തവ്യാപാരികൾ പിന്നീട് തമിഴ്നാട്ടിലും കേരളത്തിലും ഉയർന്നവിലയ്ക്കാണ് ചില്ലറവ്യാപാരികൾക്ക് വിൽക്കുന്നത്. നിലവിൽ തിരുപ്പൂർ നഗരത്തിലെ കടകളിൽ ചെറിയഉള്ളി ശരാശരി 80 രൂപയ്ക്കാണ് വിറ്റുവരുന്നത്.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെ ഇനിയും വിലകൂടുമെന്നാണ് കർഷകർ പറയുന്നത്. കിലോയ്ക്ക് 100 രൂപവരെ എത്താൻ സാധ്യതയുണ്ടെന്നും പറയുന്നു. ഇത് മുന്നിൽക്കണ്ടാണ് വിളവെടുക്കുന്ന ഉള്ളി കൃഷിയിടത്തിൽത്തന്നെ സൂക്ഷിച്ചുവെയ്ക്കുന്നത്.
Published: 04 Sept 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented