വടക്കഞ്ചേരി : ദേശീയപാതയിൽ പന്തലാംപാടത്ത് കാൽനടയാത്രികർക്ക് റോഡ് മുറിച്ചുകടക്കാൻ പുതിയപാലത്തിന്റെ നിർമാണം തുടങ്ങുംമുൻപേ നിലവിലുള്ളത് പൊളിച്ചു. ഇതോടെ പന്തലാംപാടം സ്റ്റോപ്പിൽ റോഡ് മുറിച്ചുകടക്കൽ വീണ്ടും അപകടഭീഷണിയിലായി. പന്തലാംപാടം മേരിമാത സ്‌കൂളിലെ വിദ്യാർഥികൾ റോഡ് മുറിച്ചുകടന്നിരുന്നത് നടപ്പാലം വഴിയായിരുന്നു. പാലം പൊളിച്ചതോടെ അതിവേഗത്തിൽ വാഹനങ്ങൾപോകുന്ന ആറുവരിപ്പാത മുറിച്ചുകടക്കുകയെന്നത് ഇപ്പോൾ സാഹസികമാണ്.

To advertise here,

സ്‌കൂൾ വിടുന്നസമയത്ത് അധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികളെ റോഡ് കടത്തിവിടുന്നത്. എന്നാൽ രാവിലെ സ്‌കൂളിലേക്ക് വരുന്നസമയത്ത് അപകടഭീതിയിൽ റോഡ് കടക്കേണ്ട സ്ഥിതിയാണ്. നിരന്തരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പന്തലാംപാടത്ത് നടപ്പാലം നിർമിച്ചത്. വാണിയമ്പാറയിൽ മേൽപ്പാത നിർമാണത്തിന്റെ ഭാഗമായാണ് നടപ്പാലം പൊളിച്ചത്. മേൽപ്പാലം തുടങ്ങുന്ന ഭാഗത്താണ് നടപ്പാലവും ഉണ്ടായിരുന്നത്. ഇതേത്തുടർന്ന് അൽപം മാറ്റി സ്ഥാപിക്കുന്നതിനാണ് പൊളിച്ചത്.

എന്നാൽ പുതിയപാലത്തിന്റെ നിർമാണത്തിനായി പ്രാരംഭജോലികൾപോലും ആരംഭിച്ചിട്ടില്ല. റോഡ് മുറിച്ചുകടക്കുന്നതിനായി യാതൊരു സുരക്ഷാ ക്രമീകരണങ്ങളും കരാർകമ്പനി ഒരുക്കിയിട്ടില്ല. സ്‌കൂളാണെന്ന് തിരിച്ചറിയുന്നതിനായി സൂചനാ ബോർഡുകളോ സീബ്രാ വരകളോ ഇവിടെയില്ല. സുരക്ഷാ ക്രമീകരണങ്ങളൊരുക്കാതെ പാലം പൊളിക്കാൻ നടപടിസ്വീകരിച്ച ദേശീയപാതാ അതോറിറ്റിക്കെതിരേ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സ്‌കൂൾ വിടുന്നസമയത്ത് പോലീസിന്റെ സേവനം ലഭ്യമാക്കുമെന്നും പരിശോധിച്ചശേഷം മറ്റു സുരക്ഷാനടപടികൾ സ്വീകരിക്കുമെന്നും വടക്കഞ്ചേരി സി.ഐ. ടി.എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.