ഇന്ത്യയുടെ അതിവേഗ പണമിടപാട് സേവനമായ യുപിഐയും ചൈനയുടെ പണമിടപാട് ശൃംഖലയായ അലിപേ പ്ലസും (Alipay+) തമ്മിൽ ബന്ധിപ്പിക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടു. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ടും ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ആശങ്കകളെ തുടർന്നാണ് ഈ നീക്കം തടസ്സപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് അലിപേ+ ഈ നിർദേശം മുന്നോട്ടുവെച്ചത്. 2020-ലെ അതിർത്തി സംഘർഷത്തിന് ശേഷം ധനകാര്യ മേഖലയിൽ ചൈനീസ് പങ്കാളിത്തമുള്ള ഒരു സ്ഥാപനം ആദ്യമായാണ് ഇങ്ങനെ ഒരു നീക്കവുമായി രംഗത്തെത്തുന്നത്.
ഇരു രാജ്യങ്ങളും അതിർത്തിയിൽ സമാധാനം നിലനിർത്താൻ ശ്രമിച്ചുവരികയാണ്, ഈ മാസം അവസാനം ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എത്തുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അലിപേ പ്ലസുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. എന്നാൽ അലിപേയുടെ ചൈനീസ് ബന്ധം, വിവര സുരക്ഷാ പ്രശ്നങ്ങൾ, ഉപഭോക്തൃ വിവരങ്ങളുടെ ദുരുപയോഗം എന്നിവയെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ട്. രാഷ്ട്രീയ കാരണങ്ങളാലാണ് വിദേശകാര്യ മന്ത്രാലയം ഈ നിർദേശം തടഞ്ഞിരിക്കുന്നതെന്നും, നിലവിലെ തടസ്സങ്ങൾ നീക്കുന്നതിന് വ്യക്തമായ മാർഗങ്ങളൊന്നുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയിലെ ആന്റ് ഗ്രൂപ്പിൽ നിന്ന് 2024-ൽ സ്വതന്ത്ര കമ്പനിയായി മാറിയ, സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആന്റ് ഇന്റർനാഷണൽ (Ant International) ആണ് അലിപേ പ്ലസ് നിയന്ത്രിക്കുന്നത്. അലിപേ പ്ലസ് ശൃംഖലയിലുള്ള ചൈന, ഹോങ്കോങ് തുടങ്ങി ഏഷ്യയിലെ വിവിധ ഭാഗങ്ങളിലെ 15 കോടിയിലധികം വ്യാപാരികൾക്ക് യുപിഐ സഹായത്തോടെ പണം നൽകാൻ ഇന്ത്യൻ യാത്രികർക്ക് സൗകര്യമൊരുക്കുക എന്നതായിരുന്നു കമ്പനി മുന്നോട്ടുവെച്ച നിർദേശം.
അതിർത്തി തർക്കത്തെ തുടർന്ന് 2020 മുതൽ ചൈനീസ് നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഈ വർഷം മാർച്ചിൽ ചെറിയ ഇളവുകൾ വരുത്തിയിരുന്നെങ്കിലും, ധനകാര്യ മേഖലയിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നുണ്ട്. ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ പണമിടപാടുകളും മറ്റ് പ്രവർത്തനങ്ങളും ഇന്ത്യ കർശനമായി പരിശോധിക്കുന്നുണ്ട്.
നിലവിൽ യുപിഐയും അലിപേയും മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഏഷ്യാ പസഫിക് മേഖലയിൽ നിന്നുള്ള അതിർത്തി കടന്നുള്ള പണമിടപാടുകളുടെ വിപണി 2032-ഓടെ 23.8 ട്രില്യൺ ഡോളറായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഈ വലിയ സാമ്പത്തിക നേട്ടങ്ങൾക്കിടയിലും സുരക്ഷാ ആശങ്കകൾ ഈ പദ്ധതിയുടെ തീരുമാനങ്ങളെ കരിനിഴലിലാക്കിയിരിക്കുകയാണ്.
Content Highlights: The Indian government has halted discussions to integrate the unified payments interface (UPI) with the China-linked Alipay+ network for cross-border transactions, citing significant concerns regarding national security and consumer data privacy.
Published: 04 Sept 2026, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented