പറളി: കായികമേഖലയിൽ ഒട്ടേറെ പ്രതിഭകളെ സൃഷ്ടിച്ച പറളി ഗ്രാമപ്പഞ്ചായത്തിൽ പൊതു മൈതാനമില്ല. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളും കൊയ്‌തൊഴിഞ്ഞ പാടങ്ങളുമാണ് കാലങ്ങളായി പറളിയിലെ കളിസ്ഥലങ്ങൾ.

To advertise here,

പറളിക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണിതെങ്കിലും കളിസ്ഥലമൊരുക്കുന്നതിന് ഇതുവരെ നടപടിയായിട്ടില്ല. അനുയോജ്യമായസ്ഥലം കണ്ടെത്താനാവാത്തതാണ് പ്രധാനപ്രശ്‌നം. പഴയപോസ്റ്റിൽ മഴമാപിനി സ്ഥാപിക്കുന്നതിനായി വാങ്ങിയസ്ഥലവും പുള്ളോട്ടിൽ സ്‌കൂളിനായി ഏറ്റെടുത്ത സ്ഥലവും പഞ്ചായത്തിന്റെ ആസ്തിയാണെങ്കിലും ഇവിടെ സൗകര്യം പരിമിതമാണ്.

പറളിയിൽ മറ്റുവകുപ്പുകളുടെ കൈവശമുള്ള സ്ഥലം ഏറ്റെടുക്കുകയോ പുതിയസ്ഥലം കണ്ടെത്തുകയോ ചെയ്താൽമാത്രമേ പൊതു കളിസ്ഥലമെന്ന ആവശ്യം യാഥാർത്ഥ്യമാകൂ. 

അന്താരാഷ്ട്രതലത്തിൽവരെ പറളിക്കാർ കഴിവുതെളിയിച്ചിട്ടുണ്ട്. കേരളോത്സവം, ഫുട്‌ബോൾ ക്യാമ്പുകൾ തുടങ്ങിയവയൊന്നും ഇവിടെ യഥാവിധം നടത്താനാകുന്നില്ല. പറളിയിൽ പൊതുകളിസ്ഥലത്തിനായി അധികൃതർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്ന്‌ പറളി ക്ലെവർമെൻ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ളബ്‌ സെക്രട്ടറി എം.എ. അൽഫാൻ പറഞ്ഞു. 

സർക്കാർ മാർഗനിർദേശമനുസരിച്ച് വിലയ്ക്കോ സൗജന്യമായോ ഭൂമി ലഭ്യമായാൽ കളിസ്ഥലമൊരുക്കാൻ പഞ്ചായത്ത് തയ്യാറാണെന്നും ഇതിനായുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും പറളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഉഷാകുമാരി പറഞ്ഞു.