ഒറ്റപ്പാലം : വീട്ടാമ്പാറയിലെ നഗരസഭയുടെ നഗരാരോഗ്യകേന്ദ്രം ഉൾപ്പെടുന്ന കെട്ടിടത്തിൽ കുടിവെള്ളമില്ലാതായിട്ട് പത്തുമാസത്തിലേറെയായി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരോഗ്യകേന്ദ്രം പുതിയകെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങിയത്. ദിവസവും നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന കേന്ദ്രത്തിലെ പ്രതിദിന ആവശ്യങ്ങൾക്ക് വെള്ളത്തിന് മറ്റ് കുടിവെള്ള സ്രോതസ്സുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. വീട്ടാമ്പാറ ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഉയർന്ന പ്രദേശങ്ങളിൽ പൈപ്പുവെള്ളത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങൾ ഉണ്ടെന്നിരിക്കെയാണ് വെള്ളമെത്തുന്നതിലെ കാലതാമസം.
തോട്ടക്കര മേഖലയിലെ അഞ്ച് വാർഡുകളിൽ ദിവസവും കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് വയ്യാട്ടുകുന്ന് കുടിവെള്ളപദ്ധതി നടപ്പാക്കിയത്. എന്നാൽ, വെള്ളമെത്തുന്നത് നാലുദിവസത്തിലൊരിക്കൽ. 1,500-ലേറെ കുടുംബങ്ങളാണ് തോട്ടക്കര മേഖലയിലുള്ളത്. 2023-ലാണ് സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 39.2 ലക്ഷം രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയത്.
ചേരിക്കുന്ന് ജലസംഭരണിയിൽനിന്ന് പൈപ്പ്ലൈൻ സ്ഥാപിച്ച് ചേരിക്കുന്ന്, തോട്ടക്കര, മയിലുംപുറം, അരീക്കപ്പാടം, പാലാട്ട് റോഡ് വാർഡുകളിൽ 24 മണിക്കൂറും വെള്ളം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം.
ചേരിക്കുന്ന് ജലസംഭരണിയിൽനിന്ന് ഒറ്റപ്പാലം പട്ടണത്തിലേക്കുള്ള വിതരണ ലൈനിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് നേരത്തേ ജലം വിതരണംചെയ്തിരുന്നത്. ഇതൊഴിവാക്കിയാണ് വയ്യാട്ടുകുന്നുവഴി വ്യാസം കൂടിയ പൈപ്പ്ലൈൻ സ്ഥാപിച്ച് മോളുകുറുശ്ശിവഴി വിതരണംചെയ്യുന്ന വിധത്തിൽ പദ്ധതി നടപ്പാക്കിയത്. ഇത് പൂർണമായി നടപ്പാക്കുന്നതിന് ഫണ്ട് കുറവുവന്നതോടെ അമൃത് പദ്ധതിയിൽനിന്നുള്ള 60 ലക്ഷം രൂപ വേറെയും ചെലവഴിച്ചാണ് പാലാട്ട് റോഡ് വാർഡിൽ ഉൾപ്പെടെ പൈപ്പ്ലൈൻ സ്ഥാപിച്ചത്. ഇതിൽ ചില വീടുകളിൽ പൈപ്പ്ലൈൻ വലിച്ചിട്ടുണ്ടെങ്കിലും കണക്ഷൻ ലഭിക്കാത്ത വീടുകളുമുണ്ട്.
ഒറ്റപ്പാലം, കണ്ണിയംപുറം മേഖലകളിലേക്ക് വെള്ളം വിതരണം തടസ്സപ്പെട്ടാലും തോട്ടക്കര മേഖലയിൽ വിതരണം തടസ്സപ്പെടില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഇതിനുശേഷം ജലവിതരണം അവതാളത്തിലാകുകയാണ് ചെയ്തത്.
കഴിഞ്ഞദിവസം വയ്യാട്ടുകുന്ന് പദ്ധതിയിലെ പൈപ്പ്ലൈനിലെ വാൽവ് തകരാറായി വെള്ളം വിതരണം തടസ്സപ്പെട്ടിരുന്നു. എല്ലാ പ്രദേശങ്ങളിലേക്കുമുള്ള വാൽവുകളും തുറന്നുവെച്ചെങ്കിലും വെള്ളം മാത്രം എത്തിയില്ല.
തുടർന്നും പരിശോധന നടത്തിയപ്പോഴാണ് ചേരിക്കുന്ന് സംഭരണിക്കടുത്തുള്ള ഷട്ടറിലെ വാൽവ് തകരാറിലായ വിവരം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന്, രാവിലെമുതൽ ഉച്ചവരെ പരിശ്രമിച്ചാണ് പ്രശ്നം പരിഹരിച്ചത്. വേനൽക്കാലത്തിന് മുന്നോടിയായി പടിഞ്ഞാറൻമേഖലയുടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടും.
Published: 14 Nov 2026, 03:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented