പട്ടാമ്പി : ഭാരതപ്പുഴയിലെ വെള്ളിയാംങ്കല്ല് ​െറഗുലേറ്റർ കം ബ്രിഡ്ജിനു താഴെ കുട്ടക്കടവ് ചെറുകിട ജലസേചന പദ്ധതിയുടെ ഉറവിടഭാഗത്ത് അടിഞ്ഞുകൂടിയ മണൽ നീക്കിയില്ലെങ്കിൽ ജലസേചനം സുഗമമാവില്ലെന്ന് കർഷകർ.

To advertise here,

പരുതൂർ പാടശേഖരത്തിലേക്ക് കൂട്ടക്കടവ് പദ്ധതിയിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ബുദ്ധിമുട്ടുകയാണ്. ഇവിടെ പുഴയുടെ നീരൊഴുക്ക് മറുഭാഗത്താണ്. രണ്ടാംവിള നെൽക്കൃഷിക്ക് വെള്ളം ലഭിക്കാൻ കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്.

കഴിഞ്ഞ കാൽ നൂറ്റാണ്ടായി, മണൽ ചാക്കുകൊണ്ട് തടയണകെട്ടി, 300 മീറ്റർ നീളത്തിലും ഏറെ ആഴത്തിലും ചാലുകീറിയാണ് പദ്ധതിയുടെ ഉറവിടത്തിൽ വെള്ളമെത്തിക്കുന്നത്. ഇതിന് 75,000 രൂപയോളം മുതൽമുടക്കേണ്ടിവരും. നല്ലൊരു മഴവന്നാൽ ചാലു നികന്നുപോകും. ഇതിനെല്ലാമുള്ള പരിഹാരം മണൽ കൂനകൾ നീക്കുകയാണ്.

1997-ൽ ഭാരതപ്പുഴയിൽ തൃത്താല വെള്ളിയാങ്കല്ല് ​െറഗുലേറ്ററിൽ ജലസംഭരണം തുടങ്ങിയതോടെ അതിനു താഴെയുളള പ്രദേശം നീരൊഴുക്ക് കുറഞ്ഞ് മണൽ കാടായി മാറുകയായിരുന്നു. 2018-ലും 19-ലും ഉണ്ടായ പ്രളയം ഇവിടെ കൂടുതൽ മണൽ അടിയുന്നതിന് കാരണമായി.

പരുതൂർ പാടശേഖത്തിൽമാത്രം 200 ഓളം ഹെക്ടർ നെൽക്കൃഷിയുണ്ട്. 120 കർഷകരുമുണ്ട്. ഇക്കുറി ഒന്നാംവിളയിൽ ചെറുകിട ജലസേചന പദ്ധതിയുണ്ടായിട്ടും ഇടവപ്പാതി വിട്ടു നിൽക്കുകയും പുഴയിൽ നീരൊഴുക്കു കുറയുകയും ചെയ്തതോടെ ഓഗസ്റ്റിൽ തന്നെ പുഴയിൽ ചാലുകീറി, ജലസേചനം നടത്തേണ്ടിവന്നു.

70 ഓളം കർഷകർ 2000 ചാക്കുകളിൽ മണൽ നിറച്ച് തടയണ കെട്ടുകയായിരുന്നു. അവിടെനിന്ന് വലിയ ചാലുകീറി പദ്ധതി ഉറവിടത്തിൽ വെള്ളമെത്തിക്കാൻ ശ്രമദാനം കൂടാതെ 37,000 രൂപ ചെലവായി. എന്നിട്ടും ഒന്നാംവിള കൃഷിചെയ്ത 125 ഏക്കറിൽ 100 ഏക്കർ നെല്ല് കൊയ്യാൻപോലും പറ്റാതെ ഉണങ്ങിപ്പോയെന്ന് പാടശേഖരസമിതി സെക്രട്ടറി കെ. മോഹനൻ പറയുന്നു.

യോഗം ചേർന്നു

മണൽ കൂനകൾ നീക്കംചെയ്യുന്നതു സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല യോഗം നടന്നിരുന്നു. കിഴായൂർ തടയണയുടെ ഭാഗത്തുനിന്നും കൂട്ടക്കടവ് ജലസേചന പദ്ധതിയുടെ ഭാഗത്തുനിന്നും രണ്ടുവീതം മണൽ സാമ്പിളുകൾ ശേഖരിച്ച് കേരള റിസർച്ച് എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കാൻ തിരുമാനിച്ചു.

മണൽ കൂനകളുടെ വിശദവിവരങ്ങളടക്കം അടങ്ങിയ പദ്ധതിരേഖ ഉണ്ടാക്കുവാനും തീരുമാനിച്ചു. മണൽ ലേലം ചെയ്തു നീക്കുന്നത് പുഴയോരവാസികളുടെ മഴക്കാലത്തെ വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാക്കും. വേനൽക്കാലത്ത് ഭാരതപ്പുഴയിൽ ജലസമൃദ്ധിയും ഉണ്ടാക്കും.