പട്ടാമ്പി : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ പട്ടാമ്പി പൊതുശ്മശാനം യാഥാർഥ്യമാവുന്നു. ഡിസംബർ 10-ന് ശ്മശാനം നാടിന് സമർപ്പിക്കുമെന്ന് നഗരസഭാധ്യക്ഷൻ ടി.പി. ഷാജി അറിയിച്ചു. നീണ്ടവർഷത്തെ കാത്തിരിപ്പിനും പ്രയത്‌നങ്ങൾക്കും വിരാമമിട്ടാണ് പട്ടാമ്പി നഗരസഭയുടെ പൊതുശ്മശാനം യാഥാർഥ്യമാകുന്നത്.
പഞ്ചായത്തായിരിക്കുമ്പോൾത്തന്നെ ശ്മശാനം പണികഴിപ്പിച്ചെങ്കിലും പ്രദേശവാസികൾ കോടതിയിൽ പരാതിനൽകിയതോടെ നിർത്തൽ ഉത്തരവ് വന്നു. ഇതോടെ വർഷങ്ങളോളം ശ്മശാനം അടഞ്ഞുകിടക്കയായിരുന്നു.
ശ്മശാനത്തിന്റെ മറ്റ് അനുബന്ധ പ്രവൃത്തികൾ 30-ന് പൂർത്തീകരിക്കുമെന്ന് കരാറുകാരൻ അറിയിച്ചിട്ടുണ്ടെന്ന് നഗരസഭാധികൃതർ അറിയിച്ചു. എം.പി., എം.എൽ.എ. എന്നിവരുടെ ആസ്തിവികസന ഫണ്ടും നഗരസഭാ ഫണ്ടും വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
പുകക്കുഴൽ സ്ഥാപിക്കൽ, ബർണർ സ്ഥാപിക്കൽ, ചുറ്റുമതിൽ കെട്ടൽ, ടൈൽ വിരിക്കൽ, വൈദ്യുത കണക്ഷൻ, സൗന്ദര്യവത്കരണം തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. ഗ്യാസ് കണക്ഷനും ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ നിയമനനടപടികളും പൂർത്തിയായിട്ടുണ്ട്. ശ്മശാനം തുറക്കുന്നതിന് മുന്നോടിയായി കാര്യങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭാധ്യക്ഷൻ ടി.പി. ഷാജിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം സന്ദർശനം നടത്തി. പൊതുശ്മശാനം തുറക്കാൻ വൈകുന്നതിനെപ്പറ്റി 'മാതൃഭൂമി' പരമ്പര നൽകിയിരുന്നു.
നിലവിൽ പട്ടാമ്പിതാലൂക്കിൽ മരണമുണ്ടായാൽ ഷൊർണൂരിലേക്കും അയൽജില്ലകളിലെ ശ്മശാനങ്ങളിലേക്കും സംസ്‌കരിക്കാനായി കൊണ്ടുപോകണം. ഇതിന് പരിഹാരമായാണ് പട്ടാമ്പി കിഴായൂർ-നമ്പ്രം റോഡിൽ ഭാരതപ്പുഴയോരത്ത് ശ്മശാനം നിർമിച്ചത്.
1970-ലാണ് പൊതുശ്മശാനം നിർമിച്ചത്. 2012-ൽ പൊതുശ്മശാനത്തിനായി ആധുനിക രീതിയിലുള്ള വാതകശ്മശാനം സജ്ജീകരിച്ച് തുറക്കാൻ ശ്രമിക്കുമ്പോഴാണ് കോടതിയുടെ സ്‌റ്റേ വന്നത്. പിന്നീട് നഗരസഭയുടെയും എം.എൽ.എ.യുടെയും ഇടപെടലിൽ സ്റ്റേ നീങ്ങിയ ശേഷമാണ് നടപടി പുനരാരംഭിച്ചത്.
Published: 13 Nov 2026, 03:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented