ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും കെട്ടിടം അടഞ്ഞുതന്നെ

To advertise here,

കുലുക്കല്ലൂർ : വയോജനങ്ങൾക്കായി കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റയിൽ ആരംഭിച്ച പകൽവീട് കെട്ടിടം കൈയടക്കി തെരുവുനായകൾ. ഉദ്ഘാടനംകഴിഞ്ഞ് ഒരുവർഷം പിന്നിട്ടിടും പകൽവീട് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കെട്ടിടം നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്.

വയോജനങ്ങളുടെ സംരക്ഷണവും ഒത്തുചേരലുമെല്ലാം ലക്ഷ്യമിട്ടാണ് പഞ്ചായത്തുകൾതോറും പകൽവീട് പദ്ധതി നടപ്പാക്കുന്നത്. ഒരുവർഷംമുൻപാണ് കുലുക്കല്ലൂർ പഞ്ചായത്തിലെ ചുണ്ടമ്പറ്റയിൽ പകൽവീട് കെട്ടിടം നിർമിച്ചത്. ചുണ്ടമ്പറ്റ പറയരുകുഴി മുഹമ്മദാലി സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു ആധുനികസൗകര്യങ്ങളോടുകൂടിയ കെട്ടിടം പണിതത്. കഴിഞ്ഞ ഒക്‌ടോബറിൽ അന്നത്തെ മന്ത്രി വി. അബ്ദുറഹ്‌മാനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, പിന്നീട് ഇവിടേക്ക് അധികൃതരുടെ ശ്രദ്ധയുണ്ടായില്ല.

രാപകൽഭേദമില്ലാതെ തെരുവുനായകളുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. ഇതിനുസമീപത്തെ റോഡിലൂടെ കാൽനടയായി പോകാൻപോലും ആളുകൾ ഭയക്കുകയാണ്. ‌നൂറുകണക്കിന് വയോജനങ്ങൾക്ക് ഉപകാരപ്രദമാവേണ്ട കെട്ടിടമാണ് തെരുവുനായകളുടെ താവളമായി മാറിയിരിക്കുന്നത്.

ആവശ്യമായ ഫർണിച്ചർ, ജീവനക്കാർ, വാഹനം ഉൾപ്പെടെയുള്ള സംവിധാനങ്ങളും കെട്ടിടത്തിന് ഒരുക്കേണ്ടതുണ്ട്. എന്നാൽ, ഒരുവർഷമായിട്ടും നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.