ചെന്നൈ : തീരദേശ മത്സ്യക്കൃഷിയിൽ വീണ്ടും നേട്ടവുമായി കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ (സിബ). ചെന്നൈയ്ക്കടുത്ത് മുത്തുക്കാടുള്ള പരീക്ഷണ കേന്ദ്രത്തിൽ പുതിയ ഇനം ഞണ്ടുകളുടെ വിളവെടുപ്പു മേള നടത്തിയാണ് പുതിയ ചുവടുവെപ്പ്. കുളങ്ങളിൽ ഉപ്പുവെള്ളത്തിൽ വളർത്തിയ നീല ഞണ്ടുകളുടെ (പോർട്ടുനസ് റെറ്റിക്യുലേറ്റസ്) വിളവെടുപ്പാണ് നടന്നത്. 120 ദിവസം സമയത്തിനു ശേഷം നടത്തിയ വിളവെടുപ്പിൽ ഹെക്ടറിന് 2,160 കിലോഗ്രാം ഞണ്ടുകൾ ഉത്‌പാദിപ്പിക്കാനായി. ഒരു ഞണ്ടിന്റെ ശരാശരി ഭാരം 120 ഗ്രാം ആണ്.

To advertise here,

സിബ തന്നെ വികസിപ്പിച്ച കൃത്രിമ തീറ്റ പോഷകാഹാരം ഉറപ്പാക്കുകയും കുളങ്ങളിലെ പാരിസ്ഥിതിക സ്ഥിരത നിലനിർത്തുകയും ചെയ്തു. വിളവെടുത്ത ഞണ്ടുകൾ കിലോയ്ക്ക് 500 രൂപ നിരക്കിൽ പ്രാദേശിക വ്യാപാരികൾക്ക് വിറ്റഴിച്ചു. ഗ്രാമീണ മേഖലയിലുള്ളവർക്കും സ്വയം സഹായ സംഘങ്ങൾക്കും ഞണ്ട് കൃഷിയുടെ പുതിയ വാണിജ്യ സാധ്യതകളും ഉപജിവനമാർഗവും കൂടിയാണ് ഇതിലൂടെ തുറന്നിട്ടിരിക്കുന്നതെന്ന് സ്ഥാപനം അവകാശപ്പെട്ടു. സിബയിലെ ശാസ്ത്രജ്ഞരായ ഡോ. എം. ജയന്തി, ഡോ. പി. മഹാലക്ഷ്മി, ഡോ. ആർ. അരവിന്ദ്, ഡോ. ജെ. റെയ്മണ്ട് ജാനി ഏഞ്ചൽ, ഡോ. ആർ. ജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് കൃഷിരീതികളുടെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു.