യുവാവിനും അമ്മയ്ക്കും പരിക്ക്
അമ്പലപ്പാറ : കടമ്പൂർ മാണിക്കംപാറയിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന കടമ്പൂർ മാണിക്കംപാറ ചേറങ്ങോട്ടിൽ ജാനകി (70), മകൻ ഷാജേഷ്കുമാർ (35) എന്നിവർക്ക് പരിക്കേറ്റു. സമീപത്തെ മൂന്നു വീടുകൾക്കും നാശമുണ്ടായി.
ബുധനാഴ്ച രാത്രി 12.30-നായിരുന്നു സംഭവം. അനധികൃതമായി ഓലപ്പടക്കം ഉണ്ടാക്കിയിരുന്ന വീട്ടിലാണ് സ്ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. തകർന്ന ഓടുകൾ വീടിനുമുൻപിലും സമീപത്തുമായി ചിതറിക്കിടക്കുകയാണ്. ഓലപ്പടക്കത്തിൽ ഉപയോഗിക്കുന്ന തിരികളും ചിതറിക്കിടക്കുന്നുണ്ട്. പരിക്കേറ്റ ജാനകിയെയും ഷാജേഷിനെയും ആദ്യം ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാനകിയുടെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. ജാനകിക്ക് തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്.
അയൽവാസികളായ ചേറങ്ങോട്ടിൽ സരോജിനി, ഗംഗാധരൻ, കൊട്ടേക്കാട്ടിൽ ഗീത എന്നിവരുടെ വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നു. സരോജിനിയുടെ വീടിന്റെ മേൽക്കൂരയ്ക്കും നാശം സംഭവിച്ചു. കുടിവെള്ള കണക്ഷനും തകർന്നു. ഗീതയുടെ വീട്ടിലെ 20-ഓളം ജനലുകളാണ് തകർന്നത്.
ലൈസൻസില്ലാതെയാണ് ഇവർ പടക്കം നിർമിച്ചിരുന്നതെന്നും അനധികൃതമായി പടക്കം സൂക്ഷിച്ചതിന് 2024-ൽ ഇവരുടെപേരിൽ കേസെടുത്തിട്ടുണ്ടെന്നും ഒറ്റപ്പാലം പോലീസ് അറിയിച്ചു.
പോലീസ് എത്തിയ സമയത്ത്, തകർന്ന വീടിനുള്ളിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാർ ചേർന്നാണ് ഇത് വെള്ളമൊഴിച്ച് അണച്ചത്. അടുക്കളഭാഗത്തുനിന്ന് പാചകവാതകച്ചോർച്ച ഉണ്ടായതും ആശങ്കയുണ്ടാക്കി. പിന്നീട് ഇതും പരിഹരിച്ചു. സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. ഫൊറൻസിക് വിഭാഗവും ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.
ഷൊർണൂർ ഡിവൈ.എസ്.പി. കെ.സി. വിനു, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. എം. സന്തോഷ് കുമാർ, ഒറ്റപ്പാലം പോലീസ് ഇൻസ്പെക്ടർ എ. അനന്തകൃഷ്ണൻ, എസ്.ഐ. കെ. ഷിജു എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.
അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സൗദാ സലീം, സ്ഥിരംസമിതി അധ്യക്ഷരായ കെ. കൃഷ്ണപ്രകാശ്, എം.ജി. ലത, കെ.ടി. ഷെമീർ, പഞ്ചായത്തംഗം എ. വിജിത എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Published: 23 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented