പട്ടാമ്പി : മഴവിട്ടതോടെ ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്ററിനുകീഴിൽ ജലസംഭരണം പൂർണതോതിലായെങ്കിലും കർഷകർക്കും നാട്ടുകാർക്കും പ്രയോജനപ്പെടാൻ പുതിയപദ്ധതികൾ വേണം. റെഗുലേറ്ററിന്റെ 22 ഷട്ടറുകളും താഴ്ത്തി വേനലിലേക്കുള്ള ജലസംഭരണം തുടങ്ങിയിട്ടുണ്ടെങ്കിലും തൊട്ടപ്പുറത്തെ കർഷകർക്കുപോലും വേണ്ടത്ര ആശ്വാസമായിട്ടില്ല.

To advertise here,

12 പാടശേഖരങ്ങളിലായി 330-ഓളം ഹെക്ടർ നെൽക്കൃഷിയുള്ള പഞ്ചായത്തിലെ ഒൻപത് പാടശേഖരങ്ങളിൽ രണ്ടാംവിള ജലസേചനം ഇപ്പോഴും പെടാപ്പാടാണ്. വേനലിൽ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായാണ് പദ്ധതി കൊണ്ടുവന്നത്.

ഭാരതപ്പുഴയ്ക്കുകുറുകേ, ജില്ലയിലെ ഓങ്ങല്ലൂർ, തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റെഗുലേറ്റർ.

പദ്ധതികൾ കൂടുതൽ വേണം

ചെങ്ങണാംകുന്ന് റെഗുലേറ്ററിലെ വെള്ളം പ്രയോജനപ്പെടുത്താനായി ഇപ്പോൾ പള്ളിപ്രം, കാരമണ്ണ എന്നീ രണ്ട്‌ ചെറുകിട ജലസേചനപദ്ധതികളേയുള്ളൂ. നാലു പതിറ്റാണ്ടിനുമുൻപ് തുടങ്ങിയ പള്ളിപ്രം ജലസേചനപദ്ധതിയുടെ ആദ്യഘട്ടം മാത്രമേ കമ്മീഷൻചെയ്തുള്ളൂ.

അന്ന് വെള്ളം കൊണ്ടുപോകാനായി തണ്ണീർക്കുളം ഭാഗത്ത് വലിയ പൈപ്പുകളിടുക മാത്രമാണ് ചെയ്തത്, വെള്ളം നൽകിയില്ല. ഇന്നത് പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായി.ഇങ്ങോട്ടുള്ള കനാലുകളുടെ പണിയും പൂർത്തിയായിരുന്നില്ല. ഉള്ളത് തൂർന്ന് പോവുകയും ചെയ്തു. നിലവിൽ ചെങ്ങണാംകുന്നിൽ വെള്ളം ധാരാളമുള്ളതിനാൽ രണ്ടാംഘട്ടം നടപ്പാക്കാൻ പദ്ധതികൾ തയ്യാറാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പാമ്പാടി പാലംമുതൽ തണ്ണിരിക്കുളംവരെ പുതുതായി പൈപ്പുകളിട്ടും തണ്ണിരിക്കുളം ഭാഗത്തെ പൊട്ടിപ്പൊളിഞ്ഞ പൈപ്പുകൾ മാറ്റിയും പള്ളിപ്രം ജലസേചനപദ്ധതി വിഭാവനംചെയ്ത ലക്ഷ്യം നിറവേറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.

അങ്ങനെചെയ്താൽ കണ്ടാറി, നമ്പ്രം, പാമ്പാടി, കൊണ്ടൂർക്കര, വെങ്കുളം പാടശേഖരങ്ങളിൽ രണ്ടാംവിള നെൽക്കൃഷി ഉണക്കഭീഷണിയില്ലാതെ നടത്താം. വേനൽക്കാല പച്ചക്കറിക്കൃഷിയും തുടങ്ങാം.

മൂന്നുമീറ്റർ ഉയരമുള്ള തടയണയിൽ ഷട്ടറുകളിട്ടാൽ അഞ്ചുകിലോമീറ്റർവരെ ദൂരത്തിൽ പുഴയിൽ വെള്ളം തടഞ്ഞുനിർത്താനാവും.

മൂന്ന് ദശലക്ഷം ഘനമീറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന റെഗുലേറ്ററാണിത്.

നിലവിൽ ഓങ്ങല്ലൂർ-വല്ലപ്പുഴ ശുദ്ധജലവിതരണ പദ്ധതിയിലേക്കുള്ള വിതരണവും റെഗുലേറ്ററിൽനിന്നാണ്.

കൂടുതൽ കുടിവെള്ളപദ്ധതികൾ കൊണ്ടുവന്നാൽ വേനലിൽ നാട്ടുകാർക്ക് വലിയ ആശ്വാസമാവും.

വിനോദസഞ്ചാര വികസനത്തിനും സാധ്യത

ചുറ്റും കുന്നുകളും ഓരം ചേർന്ന് പച്ചപ്പുപടർത്തി നിൽക്കുന്ന പാടശേഖരങ്ങളും നിരവധി പക്ഷിക്കൂട്ടങ്ങളുമായി കുളിർമയേകുന്ന കാഴ്ചയാണ് ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റെഗുലേറ്ററിലെത്തിയാൽ കാണാനാവുക. സായാഹ്നങ്ങളിൽ പരിസരവാസികളും മറ്റും ഇവിടെയെത്താറുണ്ട്.

എന്നാൽ, ഇവിടം വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം മാത്രം നടപ്പായില്ല. സഞ്ചാരികൾക്ക് വന്ന് വിശ്രമിക്കാനും കുടുംബങ്ങൾക്ക് ഒഴിവുസമയം ചെലവിടാനും പറ്റിയ സ്ഥലമാണ് പരിസരം.

കുട്ടികളുടെ പാർക്ക്, പുഴ കാണാനുള്ള സുരക്ഷിതമായ സൗകര്യങ്ങൾ, കഫ്റ്റീ‌രിയ തുടങ്ങിയവ സ്ഥാപിച്ചാൽ പ്രദേശവാസികൾക്ക് വരുമാന മാർഗവും നല്ലൊരു വിനോദസഞ്ചാരകേന്ദ്രവുമായി ഇവിടം മാറ്റാനാവും.