ഡീപ് ക്ലീനിങ് സംരംഭവുമായി അമ്മമാർ

To advertise here,

പാലക്കാട് : ‘വീട്ടിലേക്കുള്ള കാര്യങ്ങൾ സ്വന്തമായി ചെയ്യാനാവുന്നു. എന്റെ സമ്പാദ്യംകൊണ്ട് കുട്ടികൾക്ക് ചെറുതായെന്തെങ്കിലും വാങ്ങിക്കൊടുക്കുമ്പോൾപോലും വലിയ സന്തോഷം...’ പുതുനഗരം ദയ നഗറിലെ എച്ച്. ഷിബിലയുടെ വാക്കുകളിൽ ആത്മവിശ്വാസം. പുതുനഗരം സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന മകൾ ഷിഫ ഫാത്തിമയുടെ ജീവിതം ചക്രക്കസേരയിലാണ്. സ്പൈനൽ മസ്കുലർ അട്രോഫിക്ക് ചികിത്സ തേടുന്നുണ്ട്. അവളുടെ പരിചരണത്തിനൊപ്പം സ്വാശ്രയത്വത്തിന്റെ കരുത്താണ് ‘മാജിക് മോപ്സ്’ തരുന്നത്-ഷിബില പറയുന്നു.

ഷിബിലയടക്കം 14 സ്ത്രീകളാണ് ‘മാജിക് മോപ്സ്’ എന്ന പാലക്കാട്ടെ കൂട്ടായ്മയിലുള്ളത്. വീടുകളും സ്കൂളുകളും ഉൾപ്പെടെ കെട്ടിടങ്ങൾ പൂർണമായി ശുചീകരിച്ച് നൽകുന്നതാണ് (ഡീപ് ക്ലീനിങ്) പ്രവർത്തനം. അംഗങ്ങളെല്ലാവരും 18 വയസ്സിനുതാഴെയുള്ള, ഭിന്നശേഷിക്കാരായ, ദീർഘകാല അസുഖങ്ങളുള്ള കുട്ടികളുടെ അമ്മമാർ. ‘ഷെയറിങ് അവർ അൺകണ്ടീഷണൽ ലവ്’ (സോൾ) എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ‘മാജിക് മോപ്സി’ന്റെ പിറവി. മണപ്പുള്ളിക്കാവിനടുത്ത് ഗാർഡൻ അവന്യൂ 35-ാം നമ്പറിലാണ് ആസ്ഥാനം.

മാനസിക വെല്ലുവിളി നേരിടുന്നവർക്കായി അഡ്വ. പി. ജയപാലമേനോൻ നേതൃത്വം നൽകിയിരുന്ന മാർഗദീപ്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനവും ഇവിടെത്തന്നെയാണ്. അഞ്ചുവർഷമായി ‘സോൾ’ പ്രവർത്തനം തുടങ്ങിയിട്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ അമ്മമാർക്കും വരുമാനമുണ്ടാക്കാനും ആത്മാഭിമാനം പകരാനും ലക്ഷ്യമിട്ടാണ് മാജിക് മോപ്സ് ആരംഭിച്ചതെന്ന് ഈ ശ്രമത്തിന് നേതൃത്വം നൽകുന്ന സന്ധ്യാമേനോൻ പറയുന്നു. 2025 മേയിലാണ് തുടക്കം. ഒരുവർഷത്തിനകം 240 കെട്ടിടങ്ങൾ ഇവർ ശുചീകരിച്ചു.

മക്കളുടെ ചികിത്സയും പരിചരണവും കഴിഞ്ഞ് സാധിക്കുന്ന സമയങ്ങളിൽ ജോലിക്കെത്താം. ഓഫീസിൽനിന്ന് നിർദേശിക്കുന്നതനുസരിച്ച് അഞ്ചോ ആറോ പേരുള്ള സംഘമായാണ് പ്രവർത്തനം. വാക്വം ക്ലീനറുകളും പവർ പമ്പുമുൾപ്പെടെ യന്ത്രങ്ങൾക്ക് മുതൽമുടക്കേണ്ടിവന്നു. ആദ്യമൊക്കെ ചോദിച്ചറിഞ്ഞാണ് പണികൾ ചെയ്തിരുന്നത്. ഇപ്പോൾ എല്ലാവരും വൈദഗ്ധ്യം നേടി. ടൈലുകൾ ആസിഡ് വാഷ് നടത്താനുൾപ്പെടെ പഠിച്ചു-സംഘാംഗങ്ങൾ പറയുന്നു.

ഓണത്തിന് ഓരോരുത്തരുടെയും പ്രയത്നമനുസരിച്ച് ഇരുപതിനായിരം രൂപവരെ ബോണസ് ലഭിച്ചതായും ഇവർ പറയുന്നു. ഓരോമാസവും ആയിരം രൂപവിതം ചേർത്ത് അംഗങ്ങൾ ഒരു കുറി തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ചികിത്സയ്ക്കും നാളേയ്ക്കുള്ള കരുതലായും ഈ തുക ഉപയോഗപ്പെടുത്താമെന്നാണ് പ്രതീക്ഷ.

‘ഒരുവർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ നേടാനും പഠിക്കാനുമായി. അതിലും പ്രധാനം ഇത് ഞങ്ങൾക്ക് തന്ന ആത്മവിശ്വാസമാണ്’-ചിറ്റൂരിലെ എം. സുനുമോൾ, കല്ലിങ്കലിലെ പി. പ്രസീദ, മുട്ടിക്കുളങ്ങരയിലെ സബീന, മുണ്ടൂരിലെ വിദ്യ, തത്തമംഗലത്തെ എസ്. ലിഡിയ, എലപ്പുള്ളിയില കെ. ആശമോൾ തുടങ്ങിയവർ പറയുന്നു. സ്ഥാപനത്തിന് സ്വന്തമായി ഒരു വാഹനമെന്നതാണ് ഇവരുടെ അടുത്ത ലക്ഷ്യം. രണ്ടുമൂന്നുപേർ ഡ്രൈവിങ്‌ പഠിക്കുന്നുണ്ട്.