ഓണാട്ടുകര കാർഷിക ഗവേഷണകേന്ദ്രത്തിൽ
കായംകുളം : ഓണാട്ടുകര കാർഷിക ഗവേഷണകേന്ദ്രത്തിൽ വിത്തുസംഭരണശാലയും വിത്തുകൾ ഉണക്കാനുള്ള ഡ്രയറും ഓണാട്ടുകര എള്ളു ഗുണനിലവാര നിർണയ ലബോറട്രിയും സജ്ജമായി. ഭൗമസൂചികാ പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ കൃഷിക്ക് ഏറെ സഹായകരമാകുന്നതാണ് ലബോറട്രിയും വിത്തുസംഭരണശാലയും. ഓണാട്ടുകര മേഖലയിലെ കാർഷികഗവേഷണത്തിനും വിത്തുസംരക്ഷണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ഇവ സ്ഥാപിച്ചത്.
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ ഭാഗമായി 28.5 ലക്ഷം രൂപയാണ് സംഭരണകേന്ദ്രത്തിനും ഡ്രയറിനുമായി ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിളവെടുപ്പിനുശേഷം വിത്തുകൾ ശാസ്ത്രീയമായി ഉണക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ആദ്യ സീസണിൽ നെൽക്കൃഷിയുടെയും തുടർന്ന് എള്ളുകൃഷിയുടെയും വിത്തുസംസ്കരണവും സംഭരണവും ലക്ഷ്യമിടുന്നു. വിത്തുകളുടെ ഗുണമേന്മയും മുളയ്ക്കാനുള്ള ശേഷിയും നിലനിർത്തുന്നതിനും ഗവേഷണാവശ്യങ്ങൾക്കായി ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുന്നതിനും ഈ സൗകര്യം സഹായകമാകും.
വിളവെടുപ്പിനുശേഷമുള്ള വിത്തു സംസ്കരണം, ഉണക്കൽ, സംഭരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ ഓണാട്ടുകര മേഖലയിലെ കാർഷികഗവേഷണ പ്രവർത്തനങ്ങൾക്കും വിത്തുസംരക്ഷണത്തിനും മുതൽക്കൂട്ടാകുമെന്നാണു പ്രതീക്ഷ. വിത്തുണക്കുന്നതിന് ഹൈബ്രിഡ് ഡ്രയറാണ് സജ്ജമാക്കിയിട്ടുള്ളത്. മഴക്കാലത്ത് വൈദ്യുതിയിലും വേനൽക്കാലത്ത് സൗരോർജത്തിലും ഇത് പ്രവർത്തിപ്പിക്കാൻ പറ്റും. ദിവസവും 500 കിലോ വിത്തുവരെ ഇതിൽ ഉണക്കാൻ കഴിയും. എള്ള്, നെല്ല്, പച്ചക്കറിയുടെ വിത്തുകൾ എന്നിവ ഉണക്കിയെടുത്ത് സൂക്ഷിക്കാൻ കഴിയും.
സംഭരണശാലയിൽ മൂന്നു ടൺ വിത്തുവരെ സൂക്ഷിക്കാനുള്ള സംവിധാനമുണ്ട്. എല്ലാ വർഷവും ഏകദേശം ഒരു ടൺ എള്ളിന്റെ വിത്ത് ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിൽനിന്ന് കർഷകർക്കു വിതരണം ചെയ്യുന്നുണ്ട്. ഭൗമസൂചികാ പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ വിത്താണ് ഇവിടെനിന്നു വിതരണം ചെയ്യുന്നത്. കായംകുളം ഒന്ന്, തിലക്, തിലറാണി, തിലതാര എന്നിവയാണ് ഇനങ്ങൾ. ഇവിടെനിന്നു വികസിപ്പിച്ചെടുത്ത നെല്ലിനങ്ങളുടെ വിത്തുകളും കർഷകർക്കു നൽകുന്നുണ്ട്്.
ഭൗമസൂചികാ പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ തനിമയും സവിശേഷ ഗുണമേന്മയും സംരക്ഷിക്കുന്നതിനും അതിന്റെ ഗുണനിലവാരം ശാസ്ത്രീയമായി ഉറപ്പുവരുത്തുന്നതിനുമായി കൃഷിവകുപ്പിന്റെ സാമ്പത്തികസഹായത്തോടെ 10 ലക്ഷം രൂപ ചെലവിലാണ് ഓണാട്ടുകര എള്ളു ഗുണനിലവാര നിർണയ ലബോറട്രി സജ്ജീകരിച്ചിട്ടുള്ളത്. എള്ളിന്റെയും എള്ളെണ്ണയുടെയും ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
എഫ്.എസ്.എസ്.എ.ഐ. മാർഗനിർദേശമനുസരിച്ചിട്ടുള്ള ഗുണനിലവാരമാണ് പരിശോധിക്കുന്നത്. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണകേന്ദ്രത്തിലെ കാർഷിക ഡിപ്ലോമ കോഴ്സിനായുള്ള അക്കാദമിക് ബ്ലോക്കിന്റെ നിർമാണപദ്ധതി അവലോകനവും വിത്തുസംഭരണശാല, ഓണാട്ടുകര എള്ളു ഗുണനിലവാര നിർണയ ലാബ് എന്നിവയുടെ ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ 10-ന് നടക്കും. യോഗം കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം. ലിജു അധ്യക്ഷത വഹിക്കും.
Published: 26 Nov 2026, 02:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented