കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജലനിരപ്പ് പരമാവധിയിലെത്തി. 97.50 മീറ്റർ പരമാവധി ജലസംഭരണശേഷിയുള്ള അണക്കെട്ടിൽ ചൊവ്വാഴ്ചരാവിലെ ജലനിരപ്പ് 97.45 മീറ്ററിലെത്തി. പൂർണ ജലസംഭരണമെന്നതിലേക്ക് അഞ്ചുസെന്റീമീറ്ററിന്റെ കുറവേയുള്ളൂ. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി സ്പിൽവേ ഷട്ടറുകളിലൊന്ന് അഞ്ചുസെന്റീമീറ്റർ ഉയർത്തി വെള്ളമൊഴുക്കിവിടുന്നുണ്ട്.
വൃഷ്ടിപ്രദേശങ്ങളിൽ ഇത്തവണ തുലാമഴ വ്യാപകമായി ലഭിച്ചതിനെത്തുടർന്നാണ് ജലനിരപ്പുയർന്നത്. മൂന്ന് ഷട്ടറും 20 സെന്റീമീറ്റർവരെ ഉയർത്തി ജലമൊഴുക്കിവിടുകയും ചെയ്തിരുന്നു. മഴ കുറഞ്ഞതോടെയാണ് കുടിവെള്ള-കാർഷിക ആവശ്യങ്ങൾ ലക്ഷ്യമിട്ട് നിലവിൽ ജലം സംഭരിക്കുന്നത്. ഈമാസം അവസാനവും ഡിസംബർ ആദ്യവാരത്തിലും കാർഷികാവശ്യങ്ങൾക്കായി കനാലുകളിലൂടെ ജലവിതരണം നടത്തണം.
കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുറുശ്ശി പഞ്ചായത്തുകളിലെ കുടിവെള്ളവിതരണം അണക്കെട്ടിനെ ആശ്രയിച്ചാണുള്ളത്. അതേസമയം, അണക്കെട്ടിലെ മണലും ചെളിയും നീക്കംചെയ്യാത്തത് ജലസംഭരണത്തെ ബാധിച്ചിട്ടുണ്ട്.വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴപെയ്താൽത്തന്നെ അണക്കെട്ട് നിറയുന്ന അവസ്ഥയാണ്.
1980-ൽ ഭാഗികമായി കമ്മിഷൻ ചെയ്ത അണക്കെട്ടിൽനിന്ന് 46 വർഷമായിട്ടും മണ്ണും ചെളിയും മണലും നീക്കംചെയ്തിട്ടില്ല. അണക്കെട്ടിന്റെ പല ഭാഗങ്ങളിലും മണ്ണ് വന്നടിഞ്ഞിട്ടുണ്ട്. സംഭരണശേഷി വർധിപ്പിക്കാൻ ഡാമിലെ മണ്ണും ചെളിയും നീക്കം ചെയ്യണമെന്നാണ് വർഷങ്ങളായുള്ള ആവശ്യം. ഇക്കാര്യം സർക്കാരിനെയും ജലസേചനവകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇതിനാവശ്യമായ പഠനം നടത്തുന്നതിനായി തുകയനുവദിച്ച് ഉത്തരവിറക്കി. എന്നാൽ, ഇതുവരെ നടത്തിയിട്ടില്ല. മണ്ണുംചെളിയും നീക്കംചെയ്ത് സംഭരണശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് കാഞ്ഞിരപ്പുഴ ജലസേചനവകുപ്പധികൃതർ അറിയിച്ചു.
Published: 25 Nov 2026, 02:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented