ചെർപ്പുളശ്ശേരി : പുത്തനാൽക്കൽ ഭഗവതിക്ഷേത്രത്തിലെ 31-ാമത് നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. സംഗീതോത്സവസമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ കെ.ടി. ജംസിയ അധ്യക്ഷയായി. സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, പാലക്കാട് ഫൈൻ ആർട്‌സ് സെക്രട്ടറി പി.എൻ. സുബ്ബരാമൻ, ഐ.ആർ. പ്രസാദ്, സംഗീതോത്സവസമിതി പ്രസിഡന്റ് കെ.ബി. രാജേന്ദ്രൻ, ഭാരവാഹികളായ ജി. സുബ്രഹ്മണ്യൻ, കെ. മനോജ് കുമാർ, കെ.ബി. രാജ് ആനന്ദ്, പി. പ്രേംകുമാർ, ഹരിദാസ് പതിയടിയിൽ എന്നിവർ സംസാരിച്ചു.

To advertise here,

തുടർന്ന് സിക്കിൾ ഗുരുചരൺ നയിച്ച പ്രധാന കച്ചേരിയോടെയാണ് സംഗീതോത്സവം തുടങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് 4.30-ന് കനകധാരസംഘത്തിന്റെ കമലാംബ നവാവരണകൃതികളുടെ ആലാപനമുണ്ടാകും. എം.ആർ. രാമചന്ദ്രൻ (ഹാർമോണിയം), പ്രസാദ് അയ്യർ (മൃദംഗം) എന്നിവർ പിന്നണിയേകും.

 

6.45-ന് രഞ്ജിനി രാധ പ്രധാന കച്ചേരി അവതരിപ്പിക്കും. വിശ്വേഷ് സ്വാമിനാഥൻ (വയലിൻ), കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണൻ (മൃദംഗം), വെള്ളിനേഴി രമേഷ് (മുഖർശംഖ്) എന്നിവർ പിന്നണിയേകും. സംഗീതോത്സവത്തിന്റെ ഭാഗമായി ദിവസവും വൈകീട്ട് 4.30-ന് പ്രഥമ കച്ചേരിയും 6.45-ന് പ്രധാന കച്ചേരിയുമുണ്ടാകും.