കോയമ്പത്തൂർ : ഭൗമനിരീക്ഷണത്തിന് സ്വന്തമായി തയ്യാറാക്കിയ ഉപകരണം ഘടിപ്പിച്ച കൂറ്റൻ ഹീലിയം ബലൂൺ പറത്തി സർക്കാർ സ്‌കൂൾ വിദ്യാർഥികൾ. തുടിയല്ലൂർ കോർപ്പറേഷൻ മിഡിൽ സ്‌കൂൾ മൈതാനത്തുനിന്നാണ് ബലൂൺ പറത്തിയത്. പെരിയനായ്‌ക്കൻ ബ്ലോക്കിനുകീഴിലുള്ള 11 സർക്കാർ സ്‌കൂളുകളിലെ തിരഞ്ഞെടുത്ത 55 വിദ്യാർഥികളാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയത്.
പ്രോജക്ട് ഉയർവ് എന്നുപേരിട്ട പദ്ധതിയിൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഖര-ദ്രാവക കണികകൾ ശേഖരിച്ച് നിശ്ചിത ഉയരത്തിൽ അവയിലെ താപനില, ആർദ്രത, മർദം എന്നിവ കൃത്യമായി അളക്കുകയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് കോഡിനേറ്ററും തുടിയല്ലൂർ സ്‌കൂൾ അധ്യാപികയുമായ എസ്. ചിത്ര പറഞ്ഞു.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി വാങ്ങിയശേഷമാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനായി വിദ്യാർഥികൾ തയ്യാറാക്കിയ പേലോഡ് ഘടിപ്പിച്ച ഹീലിയം ബലൂൺ തുടിയല്ലൂരിൽനിന്ന് പറത്തിവിട്ടു.
35 കിലോമീറ്റർ ഉയരത്തിലെത്തിയശേഷം 50 കിലോമീറ്റർ അകലെയുള്ള പെരിയതടാകം വനമേഖലയിലാണ് ബലൂൺ വീണത്. ബലൂൺ ശേഖരിച്ചതായും അതിലെ പേലോഡിൽനിന്നുള്ള സെൻസറുകളിൽ രേഖപ്പെടുത്തിയ വിവരങ്ങൾ വിലയിരുത്തുമെന്നും അവർ പറഞ്ഞു. ഐ.എസ്.ആർ.ഒ.യുടെ അംഗീകാരമുള്ള സി-സ്റ്റെർക് ടെക്‌നോ സയൻസ് കമ്പനിയുടെ സഹസ്ഥാപകൻ ഭരത്കുമാർ വേലുസ്വാമി, റോട്ടറി ഇ-ക്ലബ് ഓഫ് മെട്രോ ഡൈനാമിക്‌സ് പ്രസിഡന്റ് വിദ്യ നടരാജൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചതെന്ന് കോഡിനേറ്റർ പറഞ്ഞു. 11 സ്‌കൂളിൽനിന്നുള്ള 11 അധ്യാപകരും 55 വിദ്യാർഥികളും പരീക്ഷണത്തിന്റെ ഭാഗമായിരുന്നു.
Published: 01 Nov 2026, 01:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented