ഒറ്റപ്പാലം : റെയിൽവേ സ്റ്റേഷനുസമീപം പാളം കുറുകെ കടക്കാൻ സുരക്ഷിതമാർഗം വേണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എം.പി. റെയിൽവേമന്ത്രിയെ സമീപിച്ചു. സ്റ്റേഷനപ്പുറത്ത് ഏറെ കുടുംബങ്ങൾ താമസിക്കുന്ന പള്ളത്തേക്കെത്താൻ പ്രദേശത്ത് അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടാണ് റെയിൽവേമന്ത്രി അശ്വനി വൈഷ്ണവിനെ സമീപിച്ചത്. ഇതുവരെ മേൽപ്പാലം എന്നതായിരുന്നു ആവശ്യം.
പള്ളത്തുകാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ വഴിയില്ല. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് രോഗികളെയാണ്. പലപ്പോഴും ആശുപത്രിയിലെത്തിക്കാൻ രോഗികളെ ചുമന്ന് പാളം കടത്തേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ജൂലായിൽ, വീട്ടിൽ പ്രസവിച്ച തമിഴ്നാട്ടുകാരിയെയും കുഞ്ഞിനെയും ഏറെ പണിപ്പെട്ടാണ് പാളം കടത്തി ആംബുലൻസിലെത്തിച്ചത്. ഇതിനുപുറമേ വിദ്യാർഥികൾ, ജോലിക്കാർ പ്രായമായവർ തുടങ്ങിയവരാണ് പാളം കടക്കുന്നത്. ഇവരെയെല്ലാം ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് റെയിൽവേ മന്ത്രിക്ക് കത്തുനൽകിയത്.
റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ സജീഷ് കൃഷ്ണൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വി.കെ. ശ്രീകണ്ഠന്റെ ഇടപെടൽ.
കാൽനടമേൽപ്പാലമായിരുന്നു ആദ്യനിർദേശം. അടിപ്പാതയാണെങ്കിൽ വാഹനങ്ങൾകൂടി കടന്നുപോകാനാകും. പള്ളത്തുള്ളവരുടെ വാഹനങ്ങൾ പാളത്തിനപ്പുറത്ത് നിർത്തിയിടുമ്പോൾ കേടുപാട് സംഭവിക്കുകയും മോഷണംപോകുന്ന പ്രശ്നങ്ങളുണ്ട്.
എന്നാൽ, സ്ഥലത്തിന്റെ സ്ഥിതിവെച്ച് അടിപ്പാത നിർമിക്കൽ എത്രത്തോളം സാധിക്കുമെന്ന ആശങ്കയുണ്ട്. മേൽപ്പാലമാണെങ്കിൽ സ്റ്റേഷനിലെ യാത്രക്കാർക്കും ഗുണകരമാകും.
മായന്നൂർപാലം പരിസരംമുതൽ പള്ളംവരെ നീളുന്ന പ്രദേശത്തുള്ളവർക്കാണ് ഈ ദുരിതം. ഇതുമൂലം അൻപതോളം കുടുംബങ്ങളാണ് ഒരു പതിറ്റാണ്ടിനിടെ വീടൊഴിഞ്ഞുപോയത്. നേരത്തേ പാലം നിർമിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് റെയിൽവേ അറിയിച്ചിരുന്നു.
Published: 01 Nov 2026, 01:21 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented