നിലമ്പൂർ : തമിഴ്നാട് നീലഗിരി ജില്ലയിലെ കനത്ത മഴയും മണ്ണിടിച്ചിലും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. കേരളത്തിലെ സ്‌കൂളുകൾ, സ്വകാര്യ ഗ്രൂപ്പുകൾ, മറ്റു കൂട്ടായ്‌മകൾ തുടങ്ങിയവ വിനോദസഞ്ചാരത്തിനായി നീലഗിരി തിരഞ്ഞെടുക്കുന്ന സമയമാണിത്.

To advertise here,

നീലഗിരി ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ഊട്ടി, കോത്തഗിരി, കൂനൂർ, മേട്ടുപ്പാളയം മേഖലകളിൽ കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഗതാഗതം താറുമാറായ സ്ഥിതിയാണ്. വരുംദിവസങ്ങളിൽ യാത്ര നിശ്ചയിച്ചിരുന്ന മലയാളി വിനോദസഞ്ചാരികൾക്ക് ഈ പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകും.

മേട്ടുപ്പാളയം-കൂനൂർ-ഊട്ടി ദേശീയപാതയിലെ പലയിടങ്ങളിലും പ്രത്യേകിച്ച് ബർളിയാർ, മരപ്പാലം ഭാഗങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. ബർളിയാറിലാണ് നിർത്തിയിട്ട ബസിനു മുകളിലേക്ക് മണ്ണ്‌ വീണ് ഡ്രൈവർ മരിച്ചത്. കോത്തഗിരി റൂട്ടിലും ഗതാഗതതടസ്സമുണ്ടായി.

പ്രസിദ്ധമായ നീലഗിരി മൗണ്ടൻ റെയിൽവേ (ടോയ് ട്രെയിൻ) പാളത്തിലേക്ക് കല്ലും മണ്ണും വീണതിനാൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽനിന്ന് ഊട്ടിയിലേക്ക് പുറപ്പെടാനിരുന്ന സഞ്ചാരികളുടെ യാത്രകൾ പൂർണമായും മുടങ്ങി. മുൻകൂട്ടി പണംനൽകി ബുക്ക്ചെയ്ത റിസോർട്ടുകളും കോട്ടേജുകളും പ്രവർത്തിക്കാത്തതും തുക മുഴുവനായി തിരിച്ചു‌ലഭിക്കാത്തതും സാധാരണക്കാരായ യാത്രക്കാർക്ക് തിരിച്ചടിയാകും. കേരളത്തിൽനിന്നുള്ള ഒട്ടേറെ ടൂർ ഓപ്പറേറ്റർമാരും ട്രാവൽ ഏജൻസികളും പ്രതിസന്ധിയിലാണ്.

മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ നീലഗിരിയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും പോലീസും കർശനനിർദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ മഴ കുറഞ്ഞതോടെ ഇതിന് ഇളവുകൾ നൽകി. പുറത്തുനിന്നുള്ള വിനോദസഞ്ചാരികൾക്ക് നീലഗിരിയിലേക്കുള്ള പ്രവേശനവിലക്ക് ചൊവ്വാഴ്‌ചയോടെ പിൻവലിച്ചു.

എന്നിരുന്നാലും ഊട്ടിയിലടക്കമുള്ള ടൂറിസം മേഖലയ്ക്ക് ഉണർവായിട്ടില്ലെന്ന് ബൊട്ടാണിക്കൽ ഗാർഡനു സമീപം ടൂറിസ്റ്റ് ഗൈഡായി പ്രവർത്തിക്കുന്ന ശെൽവൻ പറഞ്ഞു. ഊട്ടിയിലെ പ്രധാന മാർക്കറ്റിലെ വ്യാപാരത്തിലും വലിയ ഇടിവുവന്നതായി 20 വർഷത്തിലേറെയായി ഇവിടെ വ്യാപാരം നടത്തുന്ന മലയാളികളായ മെഹമൂദും ഹോട്ടൽ വ്യാപാരി നിസാറും പറഞ്ഞു. സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നതിനാൽ ലോഡ്‌ജുകളും റിസോർട്ടുകളും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഊട്ടി ഹിൽബങ്കിനടുത്തുള്ള റിസോർട്ട് ജീവനക്കാരൻ സതീഷ് പറഞ്ഞു.