ആലുവ : ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദേശീയപാത കുരുങ്ങി. ബുധനാഴ്ച രാവിലെ ഒൻപതുമണി മുതലാണ് മാർത്താണ്ഡവർമ പഴയപാലം അടച്ചത്. തുടർന്ന് കിലോമീറ്ററുകളോളം ദേശീയപാതയും സമീപറോഡുകളും ഗതാഗതക്കുരുക്കിലമർന്നു. മാർത്താണ്ഡവർമ പുതിയ പാലത്തിലൂടെ രണ്ടുവരി ആയിട്ടാണ് ഗതാഗതം തിരിച്ചുവിട്ടിരുന്നത്. രാവിലെ പതിനൊന്നരവരെ തുടർന്ന ഗതാഗതക്കുരുക്ക് ഉച്ചയോടെ കുറഞ്ഞു. വൈകീട്ട് ആറുമണിയോടെ തിരക്ക് വർധിച്ചപ്പോൾ ഗതാഗതം വീണ്ടും മന്ദഗതിയിലായി. ഒൻപതുമണിക്കുശേഷം ആണ് തിരക്ക് കുറഞ്ഞത്.
ബുധനാഴ്ച പുലർച്ചെ മുതൽ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും തിരക്കേറിയ സമയമായ രാവിലെ ഒൻപതുമണിക്കാണ് പാലം അടച്ചത്. സിറ്റി പോലീസും റൂറൽ പോലീസും തമ്മിലുള്ള ഏകോപനമില്ലായ്മ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി എന്ന ആക്ഷേപമുണ്ട്. എറണാകുളം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങൾ കളമശ്ശേരിയിൽ തിരിച്ചുവിടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇവിടെനിന്ന് വാഹനങ്ങൾ തിരിച്ചുവിടാൻ പോലീസ് സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല. എറണാകുളം ഭാഗത്തുനിന്ന് ആലുവ കടക്കാൻ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു,
ആലുവ റൂറൽ പോലീസിന്റെ പരിധിയിലുള്ള അങ്കമാലി ഭാഗത്തുനിന്ന് വലിയ വാഹനങ്ങൾ എം.സി. റോഡ് വഴി തിരിച്ചുവിട്ടതിനാൽ തൃശ്ശൂർ ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനായി. അങ്കമാലി ഭാഗത്തുനിന്നും വരുന്ന സ്വകാര്യ ബസുകൾ തിരക്കേറിയ സമയത്ത് ദേശത്തുനിന്ന് കാലടി റൂട്ടിൽ കയറി മഹിളാലയം പാലത്തിലൂടെ ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ എത്തി നഗരത്തിലേക്ക് സർവീസ് നടത്തി.
രണ്ടാംദിവസമായ വ്യാഴാഴ്ച കൂടുതൽ ആളുകൾ മറ്റു വഴികളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്കിന് ശമനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഐ.ടി. കമ്പനികളിൽ വർക്ക് ഫ്രം ഹോം
ആലുവഭാഗത്തുനിന്നും വരുന്ന കാക്കനാട് ഐ.ടി. മേഖലയിലുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയത് ഒരുപരിധിവരെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. മറ്റു പല സ്ഥാപനങ്ങളും ഇത്തരത്തിൽ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ തീരുന്നതുവരെ വർക്ക് ഫ്രം ഹോം സംവിധാനം ആരംഭിക്കാനും നീക്കമുണ്ട്. പാലത്തിന്റെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് നടത്തണമെന്ന് ഐ.ഐ.ടി. മദ്രാസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് തിരക്കിട്ട് ജോലികൾ ആരംഭിച്ചത്.
പാലത്തിൽ നടത്തുന്നത് എക്സ്പാൻഷൻ ജോയിന്റ്
എക്സ്പാൻഷൻ ജോയിന്റ് പാലത്തിന്റെ ഗർഡറുകൾക്കിടയിൽ സ്ഥാപിച്ച് വെൽഡ് ചെയ്ത് യോജിപ്പിച്ചശേഷം കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കും. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഗർഡറുകളുടെ ഇടയിൽ ഉണ്ടാകുന്ന കുലുക്കം ഒഴിവാകും. ഏഴുദിവസം കൊണ്ട് മാർത്താണ്ഡവർമ പാലത്തിലെ പണി പൂർത്തീകരിച്ചശേഷം ദേശം പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ഒഴിവാക്കുന്നതിനാണ് ദേശം പാലം അറ്റകുറ്റപ്പണി മാർത്താണ്ഡവർമ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ശേഷമാക്കിയത്. 86 വർഷം പഴക്കമുള്ള മാർത്താണ്ഡവർമ പാലത്തിൽ ഗർഡറുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നത് ആദ്യമായാണ്.
Published: 29 Oct 2026, 03:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented