പാലക്കാട് : നഗരത്തിലെ തിരക്കുപിടിച്ച റോഡിലൂടെ യാത്രചെയ്യുമ്പോഴോ വളവുകൾ തിരിയുമ്പോഴോ പെട്ടെന്ന് മുൻപിൽ കാണുന്ന കന്നുകാലികൾ, ഇന്ന് നഗരത്തിലെ യാത്രക്കാരുടെ പേടിസ്വപ്നമായി മാറിക്കഴിഞ്ഞു. റോഡിലെ ഡിവൈഡറുകളിലും തിരക്കേറിയ ജങ്ഷനുകളിലും തമ്പടിച്ചിരിക്കുന്ന കന്നുകാലികൾ സ്വൈര യാത്രയ്ക്ക് ഭീഷണിയായി തുടരുകയാണ്. തിങ്കളാഴ്ചമാത്രം അലഞ്ഞുതിരിഞ്ഞുനടക്കുന്ന മൂന്ന് കന്നുകാലികളെയാണ് നഗരസഭ കണ്ടെത്തിയത്.

To advertise here,

കഴിഞ്ഞദിവസം ഒലവക്കോട് റെയിൽവേ സ്റ്റേഷനുസമീപം റോഡിനുകുറുകെ കന്നുകാലി വന്നതോടെ, ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനയാത്രക്കാരും ഇത്തരം അപകടങ്ങളിൽപ്പെടുന്നുണ്ട്.

രാത്രികാലങ്ങളിൽ വെളിച്ചക്കുറവുള്ള ഭാഗങ്ങളിൽക്കിടക്കുന്ന കന്നുകാലികളെ പെട്ടെന്ന് കാണാൻ സാധിക്കാത്തതും പ്രധാനപാതകളിലേക്ക് ഇവ പെട്ടെന്ന് കയറിവരുന്നതുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇവയെക്കണ്ട് വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചും അപകടങ്ങൾ ഉണ്ടാകുന്നു. കന്നുകാലികളുടെ ജീവനും ഇത് ഭീഷണിയാകുന്നുണ്ട്.

കഴിഞ്ഞദിവസം ഒലവക്കോട് പൂക്കാരത്തോട്ടത്തിൽ അലഞ്ഞുതിരിഞ്ഞുനടന്ന കന്നുകാലി ആഴമുള്ള അഴുക്കുചാലിൽ വീഴുകയുണ്ടായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ഇതിനെ പുറത്തെടുത്തത്. രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ പ്രധാന പാതകളിൽ കന്നുകാലികൾ നിലയുറപ്പിക്കുന്നത് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിനും വഴിവെക്കുന്നുണ്ട്. കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ കഴിയാതെ ആംബുലൻസുകൾവരെ കുരുക്കിൽപ്പെടുകയാണ്. കന്നുകാലി ഉടമകളുടെ ഉത്തരവാദിത്വമില്ലാ യ്‌മയും അശ്രദ്ധയുമാണ് പ്രശ്നത്തിന് പ്രധാന കാരണം.

കന്നുകാലികളുടെ കണക്കെടുക്കും

അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടാൻ നഗരസഭയുടെ സ്ക്വാഡ് പ്രവർത്തനം ഊർജിതമാക്കിയതായി പാലക്കാട് നഗരസഭാധ്യക്ഷൻ പി. സ്മിതേഷ് പറഞ്ഞു. നഗരത്തിലെ കന്നുകാലികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടോ എന്ന്‌ പരിശോധിക്കും. പുതിയ കന്നുകാലികളുടെ കണക്കും ശേഖരിക്കും. അഴിച്ചുവിടുന്ന കന്നുകാലികളെ പിടിച്ചുകെട്ടുമെന്നും ഉടമസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.