കല്ലടിക്കോട് : മലയോര മേഖലകളിൽനിന്ന് കാട്ടാനക്കൂട്ടം നാട് വിടാത്തത് ജനജീവിതം ദുസ്സഹമാക്കുന്നു. വാക്കോട്, പാങ്ങ്, മീൻവല്ലം, മൂന്നേക്കർ, കരിമല, മാവിൻചോട്, തരിപ്പാപതി, മുണ്ടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനശല്യം കൂടുതൽ രൂക്ഷമായിട്ടുള്ളത്. ഒരു കൃഷിയും ചെയ്‌തു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. എന്തുചെയ്യണമെന്നറിയാതെ ഭീതിയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ ഒന്നുരണ്ടു മാസമായി അര ഡസനിലേറെ കാട്ടാനകളാണ് ഈ മേഖലകളിൽ ഇറങ്ങുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആനകൾ നാട്ടിലിറങ്ങുന്നത് പരിസരവാസികൾ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൃഷിയിടങ്ങളിലെ തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങിയ വിളകൾ വ്യാപകമായി നശിപ്പിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കൃഷി ചെയ്യാനോ ചെയ്ത കൃഷി സംരക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. കൃഷിയും വീടും വിറ്റ് മറ്റുസ്ഥലങ്ങളിലേക്ക് താമസം മാറുന്നവരുടെ എണ്ണം കൂടിവരുകയും ചെയ്യുന്നു.
കഴിഞ്ഞ പത്തുദിവസത്തിനിടെ ഒരു വീട് തകർത്ത കാട്ടാന രണ്ടുസ്ഥലത്തായി അഞ്ചുപേരെ ഓടിച്ചു.
ഇതിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ റബ്ബർ ഒട്ടുപാൽ ശേഖരിക്കുന്നതിനിടെ കാട്ടാന ഓടിച്ചതിനെത്തുടർന്ന് വീട്ടമ്മയുടെ കാലിലെ എല്ലിന് പൊട്ടലേറ്റിരുന്നു.
രാത്രിയിൽ നാട്ടിലിറങ്ങുന്ന ആനകൾ രാവിലെ ആറുമണിയായിട്ടും കാട്ടിലേക്ക് മടങ്ങാത്തത് റബ്ബർ ടാപ്പിങ് തൊഴിലാളികളെയും ദുരിതത്തിലാക്കുന്നു. ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ കുട്ടികളുടെ യാത്രയും പ്രതിസന്ധിയിലാകുന്നു. ദ്രുതകർമസേന മുണ്ടക്കുന്ന് ഭാഗത്ത് ആനകളെ കാട്ടിലേക്ക് തുരത്തുമ്പോൾ അതേസമയം മറ്റൊരു കൂട്ടം തുടിക്കോട് ഭാഗത്ത് ഇറങ്ങുന്നതാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നത്.
വിവിധ ഭാഗങ്ങളിൽ ഒരേസമയം ആനകളെത്തുന്നതിനാൽ സംഘത്തിന് എല്ലാ സ്ഥലങ്ങളിലും സമയത്ത് എത്തിച്ചേരാനാകുന്നില്ല. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മൂന്നേക്കർ, മരുതുംകാട് മേഖലകൾ കേന്ദ്രീകരിച്ച് സ്ഥിരം ദ്രുതകർമസേന അനുവദിക്കണം. സംഘത്തിന് സ്വന്തമായി ആവശ്യത്തിന് വാഹനം ലഭ്യമാക്കണം.
കൂടാതെ തുടിക്കോട് മുതൽ മീൻവല്ലം വരെയുള്ള ഭാഗത്ത് സർക്കാർ നിർമിച്ച ഫെൻസിങ് കാര്യക്ഷമമാക്കണം എന്നീ ആവശ്യങ്ങൾ നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
Published: 28 Oct 2026, 03:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented