ബജറ്റുകളിൽ തിളങ്ങുന്ന പ്രഖ്യാപനങ്ങൾ; യാഥാർഥ്യങ്ങളിൽ ദ്രവിച്ചുതീരുന്ന 'ബസ് ടെർമിനലും' 'സ്റ്റേഡിയവും'

To advertise here,

കാക്കനാട് : ബജറ്റ് വരുമ്പോൾ പദ്ധതികൾ പ്രഖ്യാപിക്കുക, തുക വകയിരുത്തുക, പിന്നീട് മറക്കുക... കാക്കനാട്ടുകാർ ഈ പ്രഹസനം കേട്ട് മടുത്തതാണ്. തൃക്കാക്കര നഗരസഭയുടെ ബസ് ടെർമിനലും മുനിസിപ്പൽ സ്റ്റേഡിയം നവീകരണവും ബജറ്റ് രേഖകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഐ.ടി. നഗരത്തിന്റെ വളർച്ചയ്ക്കൊപ്പം ചായക്കടകൾക്കുപോലും ആധുനിക മുഖം കൈവരുമ്പോൾ, സംസ്ഥാനത്തെ ഉയർന്ന വരുമാനമുള്ള നഗരസഭകളിലൊന്നായ തൃക്കാക്കരയുടെ പൊതുസൗകര്യങ്ങൾമാത്രം ഇപ്പോഴും പഴഞ്ചനായി തുടരുന്നു. ഓരോ ബജറ്റിലും വികസനത്തിന്റെ വമ്പൻ വാഗ്ദാനങ്ങൾ നിരത്തുമ്പോഴും യാഥാർഥ്യത്തിൽ മാറ്റമില്ല. 'ഇത്തവണയെങ്കിലും നടക്കുമോ?' എന്ന ഒറ്റചോദ്യം മാത്രമാണ് ഇപ്പോൾ നാട്ടുകാർക്കുള്ളത്.

ബസ് ടെർമിനൽ

:പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പ്പഞ്ചായത്തായിരുന്ന കാലം മുതൽ കേൾക്കുന്നതാണ് ബസ് ടെർമിനൽ എന്ന പ്രഖ്യാപനം. ബജറ്റുകൾ മാറി, ഭരണസമിതികൾ മാറി, പ്രഖ്യാപനങ്ങൾ ആവർത്തിച്ചു; പക്ഷേ, ടെർമിനൽമാത്രം വന്നില്ല. നഗരസഭാ ഓഫീസിനുസമീപത്തെ പഴയ വാണിജ്യസമുച്ചയം പൊളിച്ചുനീക്കിയും ജില്ലാ പഞ്ചായത്ത് ഓഫീസിനും നഗരസഭാ ഓഫീസിനും ഇടയിലുള്ള ആറര ഏക്കറോളം വരുന്ന താഴ്ന്നപ്രദേശം പ്രയോജനപ്പെടുത്തിയും ടെർമിനൽ നിർമിക്കാനാണ് പുതിയ നീക്കം. നിലവിൽ നഗരസഭാ ഓഫീസ്, പഴയ ബസ് സ്റ്റാൻഡ്, പ്ലാസ്റ്റിക് മാലിന്യസംഭരണ കേന്ദ്രം എന്നിവ പ്രവർത്തിക്കുന്നതും ഈ പ്രദേശത്താണ്. കാക്കനാട്ടെ മെട്രോ നിർമാണത്തിനിടെ ലഭിച്ച ഉപയോഗശൂന്യമായ മണ്ണും നിർമാണ സാമഗ്രികളും ഉപയോഗിച്ച് കൊച്ചി മെട്രോ റെയിൽ അധികൃതർ ഈ താഴ്ന്നപ്രദേശം നികത്തിയിട്ടുമുണ്ട്. എന്നാൽ, പദ്ധതി പ്രഖ്യാപനത്തിന്റെ പട്ടികയിൽനിന്ന് എന്ന് നിർമാണത്തിലേക്ക് കടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ജീവൻ പണയംവെച്ച് കച്ചവടം

ബസ് ടെർമിനൽ പദ്ധതി വൈകുന്നതിന്റെ ദുരിതം നേരിട്ടനുഭവിക്കുന്നത് നഗരസഭാ ഓഫീസിന് സമീപത്തെ പഴയ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികളാണ്. നാലുപതിറ്റാണ്ടോളം പഴക്കമുള്ള, 18 കടമുറികളുള്ള ഈ ഒറ്റനില കെട്ടിടം തകർച്ചയുടെ വക്കിലാണ്. തൂണുകളും ബീമുകളും ദ്രവിച്ച് കമ്പികൾ പുറത്തുകാണാം; മേൽക്കൂരയിൽ നിന്ന് സിമന്റ് അടർന്നുവീഴുന്നു. ഒഴിഞ്ഞു പോകാൻ നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, പകരം സംവിധാനത്തെക്കുറിച്ചോ നിർമാണ സമയക്രമത്തെക്കുറിച്ചോ വ്യക്തതയില്ലാത്തത് വ്യാപാരികളെ ആശങ്കയിലാക്കുന്നു.

പൊതുമൈതാനം ആര് നന്നാക്കും?

തൃക്കാക്കരയിൽ പണം നൽകി കളിക്കാവുന്ന നിരവധി സ്വകാര്യ ടർഫുകളുണ്ട്. എന്നാൽ സാധാരണക്കാരായ കുട്ടികൾക്കും കായികപ്രേമികൾക്കും പണം മുടക്കി ഇവ ഉപയോഗിക്കാൻ കഴിയില്ല. ഇവർ ആശ്രയിക്കുന്ന നഗരസഭയുടെ ഏക പൊതുമൈതാനമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. തൃക്കാക്കരയുടെ കായികസ്വപ്നങ്ങൾക്ക് ചിറകു നൽകേണ്ട പൊതുമൈതാനം ഇനിയെങ്കിലും സംരക്ഷിക്കപ്പെടുമോ? പ്രഖ്യാപിച്ച ദേശീയ നിലവാരത്തിലുള്ള ഗെയിംസ് ടർഫ് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമിടുമോ എന്നാണ് ഇനി അറിയേണ്ടത്.