പെരുമ്പാവൂർ : നവീകരിച്ച വളയൻചിറങ്ങര ഹയർസെക്കൻഡറി സ്‌കൂൾ വെള്ളിയാഴ്ച രാവിലെ 11-ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

To advertise here,

കുന്നത്തുനാട് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി., എം.എൽ.എ.മാരായ മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ എന്നിവർ പങ്കെടുക്കും. 1191-ാം നമ്പർ വളയൻചിറങ്ങര എൻ.എസ്.എസ്. കരയോഗത്തിന് കീഴിൽ 1915-ൽ ആരംഭിച്ച സ്‌കൂളിൽ അഞ്ച് മുതൽ 12 വരെ ക്ലാസുകളിലായി 1500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. 1950-ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പഠിച്ചിറങ്ങി.

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്‌കൂളിലെ പഴയ കെട്ടിടങ്ങൾ പാരമ്പര്യ തനിമ നിലനിർത്തിയാണ് പുനർനിർമിച്ചത്. എ.സി. കോൺഫറൻസ് ഹാൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, മികച്ച ലാബ്, കാന്റീൻ എന്നീ സൗകര്യങ്ങളോടെയാണ് സ്‌കൂൾ കെട്ടിടങ്ങൾ പുനർനിർമിച്ചിരിക്കുന്നത്. അധ്യാപകരും അനധ്യാപകരുമായി 100-ഓളം ജീവനക്കാരും സേവനമനുഷ്ഠിക്കുന്നു. കരയോഗത്തിന് കീഴിൽ 10 ഏക്കർ സ്ഥലത്താണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.

വിമ്മല മഹാദേവ ക്ഷേത്രം, മന്നം വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം എൽ.പി.എസ്., പ്രൈവറ്റ് ഐ.ടി.ഐ. തുടങ്ങിയ സ്ഥാപനങ്ങളും കരയോഗത്തിന് കീഴിലാണ്. പുതുതായി കരയോഗത്തിന് അനുവദിച്ച എച്ച്.പി.യുടെ പെട്രോൾ പമ്പ് വളയൻചിറങ്ങരയിൽ നിർമാണം തുടങ്ങിയിട്ടുണ്ട്.

ഇക്കൊല്ലത്തെ പെരുമ്പാവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം വളയൻചിറങ്ങര സ്‌കൂളിൽ നവംബർ രണ്ടിന് തുടങ്ങും. കരയോഗം പ്രസിഡന്റ് സി.പി. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എൻ. അനിരുദ്ധൻ, സെക്രട്ടറി സി. വേണുഗോപാൽ, സ്‌കൂൾ മാനേജർ കെ.സി. ശശികുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.