പട്ടാമ്പി : മഴ വിട്ടതോടെ പട്ടാമ്പിയിലെ പുതിയ പാലം നിർമാണം സജീവമായി. തൂണുകളുടെ നിർമാണത്തിന്റെ ആദ്യഘട്ടം മഴയ്ക്ക് മുൻപ്‌ പൂർത്തിയായിരുന്നു. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന ഭാഗത്തെ കോൺക്രീറ്റിങ്ങാണ് പുരോഗമിക്കുന്നത്. നാല് തൂണുകളുടെ പണി പൂർത്തിയായിട്ടുണ്ട്.

To advertise here,

ഗർഡറുകൾ സ്ഥാപിക്കുന്നതിനായുള്ള പ്രവൃത്തിക്കായി പുഴയിൽ യന്ത്രസാമഗ്രികളും എത്തിച്ചിട്ടുണ്ട്. തൃത്താല ഭാഗത്തെ പുഴയിൽ മണ്ണിട്ടുയർത്തിയാണ് പ്രവൃത്തികൾ നടക്കുന്നത്. ഇതിനായി ജെ.സി.ബി. അടക്കം പുഴയിൽ എത്തിച്ചിട്ടുണ്ട്.

പട്ടാമ്പിയിലെ പഴയ പാലത്തിന് സമീപം തൃത്താല ഗ്രാമപ്പഞ്ചായത്തിനെയും പട്ടാമ്പി നഗരസഭയെയും ബന്ധിപ്പിച്ചാണ് പുതിയ പാലം വരുന്നത്. പഴയ കടവിനോട് ചേർന്ന് റെയിൽവേ കമാനത്തെ ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ഓരോ മഴക്കാലത്തും പട്ടാമ്പി പാലത്തിന് മുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെടാൻ തുടങ്ങിയതോടെയാണ് പുതിയ പാലം വേണമെന്ന ആവശ്യം ശക്തമായത്.

ഒരു പതിറ്റാണ്ടിലധികമായി പുതിയ പാലമെന്ന ആവശ്യം ഉയർന്നുവരികയും, നടപടികൾ തുടങ്ങുകയും ചെയ്‌തെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. തുടർന്നാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ടനുവദിച്ചത്. 69.16 സെന്റ് ആണ് പാലത്തിനായി ഏറ്റെടുത്തിട്ടുള്ളത്. നിലവിൽ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശത്ത് കുപ്പിക്കഴുത്തായാണ് പട്ടാമ്പി പാലമുള്ളത്.

വർഷങ്ങൾക്ക് മുൻപ്‌ അന്നത്തെ ഗതാഗതത്തിരക്കനുസരിച്ച് കോസ്‌വേ ആയാണ് പാലം പണിതിട്ടുള്ളത്. വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ പട്ടാമ്പി ടൗണിലേക്കടക്കം ഗതാഗതത്തിരക്ക് കൂടാൻ തുടങ്ങി. പാലത്തിലെ ഗതാഗതത്തിരക്ക് ടൗണിലേക്കും നീളുന്ന സ്ഥിതിയാണ്. പുതിയ പാലം വന്നാലേ പട്ടാമ്പിയിലെ ഗതാഗതത്തിരക്കിന് ആശ്വാസമാകൂ.