ചാലക്കുടി: മികച്ച സാങ്കേതികവിദ്യയാൽ ശ്രദ്ധേയമായിരുന്ന ചാലക്കുടിയിലെ കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും നിർദേശിച്ച കൊച്ചിൻ ട്രാംവേ മ്യൂസിയത്തിന്റെ രണ്ടാംഘട്ട നിർമാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതിത്തുകയായ 2.84 കോടി രൂപ അനുവദിക്കാത്തതാണ് തടസ്സം.

To advertise here,

ഒരു പതിറ്റാണ്ടുമുൻപ് മ്യൂസിയനിർമാണത്തിന് അനുമതി ലഭിച്ചതാണ്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. എന്നാൽ, പണികൾ നടത്തിയ ഭാഗം വീണ്ടും കാടുപിടിച്ച് ഉപയോഗിക്കാൻ പറ്റാത്ത നിലയിലായിട്ടുണ്ട്.

സർക്കാർ ഐ.ടി.ഐ.യ്ക്കുസമീപം ട്രാംവേ സംവിധാനത്തിന്റെ വർക്ക്ഷോപ്പ് പ്രവർത്തിച്ചിരുന്ന വളപ്പിലാണ് പുരാവസ്തുവകുപ്പിന്റെ കീഴിൽ മ്യൂസിയം പണിയാൻ പദ്ധതി തയ്യാറാക്കിയത്. മ്യൂസിയത്തിലേക്കുവേണ്ട ഉപകരണങ്ങളും പ്രദർശനവസ്തുക്കളും എത്തിക്കുന്നതുൾപ്പെടെയുള്ള ജോലികളാണ് രണ്ടാംഘട്ടത്തിൽ നടക്കേണ്ടത്.

ചാലക്കുടി പട്ടണത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച സർക്കാർ സ്ഥാപനമായിരുന്നു കൊച്ചിൻ സ്റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഇതു നിർത്തിയത്. ഇതിന്റെ ചരിത്രവും അവശിഷ്ടങ്ങളും മാതൃകകളും പുനാരാവഷ്‌കരിക്കുന്നതാണ് ട്രാംവേ മ്യൂസിയം. അന്നുണ്ടായിരുന്ന എൻജിനീയറിങ് വിസ്മയം മാതൃകയായി മ്യൂസിയത്തിൽ പുനരാവിഷ്‌കരിക്കും. ട്രാംവേ ലൈനിലുണ്ടായിരുന്ന പാലങ്ങളുടെയും പാളങ്ങളുടെയും അവശിഷ്ടങ്ങൾ, വാഗണുകൾ, ചക്രങ്ങൾ, വർക്ക്ഷോപ്പ് ഉപകരണങ്ങൾ തുടങ്ങിയയും പ്രദർശിപ്പിക്കും. പഴയ ട്രാംവേയും പ്രവർത്തനമാതൃക വെളിവാക്കുന്ന ഡൊക്യുമെന്ററിയും മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനും പദ്ധതിയിട്ടിരുന്നു.

ഫണ്ടിനായി ശ്രമിക്കുന്നു

രണ്ടാംഘട്ടപണികൾ തുടങ്ങുന്നതിന് ഫണ്ട് കിട്ടുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. പറഞ്ഞു. ഇത്തവണ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് ആകെ 2.84 കോടി രൂപയുടെ ഭരണാനുമതിയാണ് നേരത്തേ ലഭിച്ചത്. കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ട്.പണം കിട്ടിയില്ല; ട്രാംവേ മ്യൂസിയം രണ്ടാംഘട്ട പണികൾ മുടങ്ങി

കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ

:തേക്കുതടികൾ പറമ്പിക്കുളം വനമേഖലയിൽനിന്ന് ചാലക്കുടിയിലേക്കും കൊച്ചി തുറമുഖത്തേക്കും കൊണ്ടുവരാൻ ബ്രിട്ടീഷുകാർ ആവിഷ്‌കരിച്ചതാണ് കൊച്ചിൻ ട്രാംവേ.

1906-ൽ പണി പൂർത്തിയായി. ചാലക്കുടിമുതൽ പറമ്പിക്കുളംവരെ 79 കിലോമീറ്റർ ആണ് കാട്ടിലൂടെയുള്ള ദൂരം. ഏറ്റവും ഉയർന്ന സ്ഥലത്ത് സ്ഥാപിച്ച ബ്രേക്ക് ഹൗസിലെ കൂറ്റൻ പൽച്ചക്രങ്ങളുടെ ഇരുവശങ്ങളിലുമുള്ള ഇരുമ്പുവടം ബോഗികളിൽ ഘടിപ്പിച്ച് ഒരു വാഗൺ ഇറങ്ങുമ്പോൾ മറ്റൊരു വാഗൺ മുകളിലേക്ക് കയറുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്.

നിരപ്പായ സ്ഥലത്ത് നീങ്ങാൻ നീരാവി എൻജിനുകളും ഉപയോഗിച്ചിരുന്നു. ലൈനിൽ ഇടയ്ക്കിടെ വർക്ക്ഷോപ്പുകളും ഉണ്ടായിരുന്നു. കേന്ദ്ര വർക്ക്ഷോപ്പ് ചാലക്കുടിയിലായിരുന്നു. 1947-നുശേഷം ട്രാംവേയുടെ പ്രവർത്തനം മന്ദഗതിയിലായി.

1963-ൽ പൊളിച്ചുമാറ്റുകയും ചെയ്തു. ചാലക്കുടി ട്രാംവേ നിലനിന്നിരുന്നുവെങ്കിൽ ആഗോളശ്രദ്ധ ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറുമായിരുന്നു.