തൃശ്ശൂർ : സ്വാതന്ത്ര്യസമരത്തിലും രാജ്യനിർമിതിയിലും സ്ത്രീകൾക്ക് നല്ല പങ്കുണ്ടെങ്കിലും അത്തരക്കാരെ പരിഗണിക്കുന്നത് അപൂർവമാണെന്ന് മുതിർന്ന സി.പി.എം. നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. ഇത്തരം കാര്യം പറയുമ്പോൾ മുന്നിൽ നിൽക്കുന്നത് പിതാവെന്ന േപരാണ്. മാതാവ് ഇപ്പോഴും രണ്ടാംസ്ഥാനത്തും അപൂർവമായി പരിഗണിക്കപ്പെടുന്നവരുമാണ്.

To advertise here,

ഇത് മാറണം. ഭരണഘടനാ നിർമാണസഭയിലെ ഏക ദളിത് സ്ത്രീയായ ദാക്ഷായണി വേലായുധൻ വേണ്ടത്ര പരിഗണന കിട്ടാത്ത പ്രതിഭയാണ്. അവരുടെ പേരിൽ ഒരു സ്കൂൾ തൃശ്ശൂരിൽ ഉണ്ടായി എന്നത് അഭിമാനകരമാണ്. ഇനി ഇവരുടെ പേര് കേരളത്തിലുടനീളവും പിന്നീട് രാജ്യത്തുടനീളവും ഉയർന്നു കേൾക്കണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ഭരണഘടനാദിനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദാക്ഷായണി വേലായുധൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

കേന്ദ്രസർക്കാരിന്റെ സമയവിനിയോഗ സർവേ പ്രകാരം സ്ത്രീകൾ പുരുഷന്മാരേക്കാൾ മൂന്നിരട്ടി ജോലിഭാരം വഹിക്കുന്നുണ്ട്. സ്ത്രീകളുടെ ഗാർഹികാധ്വാനം പണമായി കണക്കാക്കിയാൽ വർഷം 22.6 ലക്ഷം കോടി രൂപ വരും. 2023-ലെ കേന്ദ്ര ബജറ്റിന്റെ ഏഴു ശതമാനമാണിത്. എന്നിട്ടും ഈ അധ്വാനത്തിന് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. -ബൃന്ദാ കാരാട്ട് പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. ബിന്ദു പരിഭാഷ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീജാ പ്രശാന്ത് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി.എസ്‍. സുജാത, വൈസ് പ്രസിഡന്റുമാരായ മേരി തോമസ്, കെ.ആർ. വിജയ, ജില്ലാ സെക്രട്ടറി ഉഷാ പ്രഭുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.