കാട്ടകാമ്പാൽ : ഗ്രാമപ്പഞ്ചായത്തിലെ വാവേക്കർ കോൾപ്പടവ് ബണ്ടിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്തെ കർഷകർ ആശങ്കയിൽ. 60 ഏക്കറോളം കൃഷിഭൂമിയുള്ള വാവേക്കർ പാടശേഖരത്തിലെ ജലനിയന്ത്രണത്തിനുള്ള മൺവരമ്പിലാണ് വിള്ളൽ കണ്ടെത്തിയത്.

To advertise here,

പലയിടങ്ങളിലും ബണ്ടിനടിയിലൂടെ വെള്ളം ഒഴുകുന്നതും സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. 60 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ ഞാറുനടീലിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെയാണ് ബണ്ടിൽ വിള്ളൽ കണ്ടെത്തിയത്. മുൻ വർഷങ്ങളിലും ബണ്ട് സംബന്ധമായ പ്രശ്നങ്ങൾമൂലം കൃഷിനാശവും സാമ്പത്തിക നഷ്ടവും നേരിട്ടിട്ടുള്ള കർഷകർ ഇത്തവണയും വലിയ ആശങ്കയിലാണ്. ബണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകളും അടിയിലൂടെ വെള്ളം ചോർന്നുപോകുന്ന സാഹചര്യവും ഗൗരവകരമാണ്. കർഷകരുടെ അധ്വാനവും പ്രതീക്ഷയും സംരക്ഷിക്കുന്നതിനായി കൃഷിക്ക് ഭീഷണിയാകുന്ന ബണ്ട് വിള്ളൽ പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന ആവശ്യത്തിലാണ് പ്രദേശത്തെ കർഷകർ.

വിള്ളലിന്റെ ഗൗരവം പരിശോധിക്കുന്നതിനായി കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലം സന്ദർശിക്കണമെന്നും ബണ്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനും പാടശേഖരസമിതി ഭാരവാഹികൾക്ക് ആവശ്യമായ സാങ്കേതിക സഹായവും ഇടപെടലും ലഭ്യമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. ജയശങ്കർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

വിള്ളൽ ഉണ്ടായ പ്രദേശത്ത് പ്രസിഡന്റ് കെ. ജയശങ്കറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പാടശേഖരസമിതി ഭാരവാഹികളും സ്ഥലം സന്ദർശിച്ചു.ചൊവ്വന്നൂർ ബ്ലോക്ക് അസിസ്റ്റന്റ് കൃഷി ഡയറക്ടർ റിയാ ജോസഫ്, കാട്ടകാമ്പാൽ കൃഷി ഓഫീസർ അനൂപ് വിജയൻ, പഞ്ചായത്തംഗം കെ.എച്ച്. സിദ്ദിഖ്, പാടശേഖരസമിതി ഭാരവാഹി അൻവർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.