ഒറ്റപ്പാലം : മായന്നൂർ പാലം റോഡിൽ അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ പൊളിച്ചുനീക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം. പാലം വിഭാഗമാണ് 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറി സ്ഥാപനം നടത്തുന്നെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പോർട്ടലിലേക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കടകൾ ഉടൻ പൊളിച്ചുനീക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.

To advertise here,

ഒറ്റപ്പാലത്ത് സായാഹ്നങ്ങൾ ചെലവഴിക്കാൻ കൂടുതൽപ്പേരും എത്തുന്നത് മായന്നൂർ പാലത്തിലേക്കാണ്. പാലവും അപ്രോച്ച് റോഡുംകൂടി ഒരുകിലോമീറ്ററോളം ദൂരമുണ്ട്. അപ്രോച്ച് റോഡിൽ ഇരുവശത്തും മുളങ്കൂട്ടങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സായാഹ്നനടത്തങ്ങൾക്ക് ഇവിടം ഉപയോഗിക്കുന്നവരേറെയാണ്. ഈസ്റ്റ് പാലംമുതൽ മായന്നൂർ പാലംവരെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നെന്നും പരാതിയുണ്ട്.

എന്നാൽ, നഗരസഭയുടെ വെൻഡിങ് കമ്മിറ്റിയിലുൾപ്പെട്ട അംഗീകൃത കച്ചവടക്കാർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന ആക്ഷേപവുമുണ്ട്.

നേരത്തേ നഗരസഭയുടെ നടപ്പാതകളിലെ കച്ചവടക്കാരെയെല്ലാം മാറ്റിയിരുന്നു. നടപ്പാതകളിൽ കൈവരികൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിച്ചത്. ഇനി നടപ്പാതകളിൽ കച്ചവടം അനുവദിക്കില്ലെന്നാണ് നഗരസഭയുടെ നിലപാട്. അംഗീകൃത തെരുവുകച്ചവടക്കാരെ മായന്നൂർ പാലം റോഡിലേക്ക് മാറ്റാൻ നഗരസഭയ്ക്ക് പദ്ധതിയുണ്ട്. പ്രത്യേക സ്ഥലങ്ങൾമാത്രം കച്ചവടത്തിന് അനുവദിക്കാനാണ് ലക്ഷ്യം. അതിനും നിലവിലുള്ള അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കച്ചവടക്കാരെ മാറ്റേണ്ടതുണ്ട്.