കാവശ്ശേരി : മഴക്കുറവുമൂലം ഒന്നാംവിള നെൽക്കർഷകർ ഉണക്കുഭീഷണി നേരിടുന്നതിനിടെ കനാൽവെള്ളം പാതയിലൂടെ ഒഴുകി പാഴാകുന്നു. ചേരാമംഗലം പദ്ധതിയിലെ വാലറ്റ പ്രദേശങ്ങങ്ങളായ കാവശ്ശേരി പഞ്ചായത്തിലെ വടക്കത്തറ, ശാസ്താനഗർ, വലിയപറമ്പ് തുടങ്ങിയ പാടശേഖരങ്ങളിലേക്കുള്ള വെള്ളമാണ് പാഴായി ശാസ്താനഗർ പാതയിലൂടെ പരന്നൊഴുകുന്നത്.

To advertise here,

ചേരാമംഗലം പദ്ധതിയിൽനിന്ന് പ്രധാനകനാൽവഴി ആനമാറി ആലിങ്കൽപറമ്പിലൂടെ കാവശ്ശേരി ഗ്രാമപ്പഞ്ചായത്തിന്‌ സമീപത്തെത്തിയാൽ കനാൽ വീതികുറഞ്ഞ് കാഡാ കനാലായാണ് മാറുന്നത്. വീതികുറവിന് പുറമേ കനാൽ നന്നാക്കാത്തതിനാൽ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്‌തതോടെ വെള്ളം ശാസ്താനഗർ പാതയിലേക്കാണ് ഒഴുകിപ്പോകുന്നത്. ഇതോടെ വാലറ്റ പ്രദേശങ്ങളിൽ വെള്ളമെത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.

വർഷങ്ങളായി ഈ ഭാഗത്തെ കനാലുകൾ വൃത്തിയാക്കത്തതിനാലാണ് ശാസ്താനഗറിലേക്കുള്ള പാതയിലൂടെ ഒഴുകി ആലത്തൂർ-പഴയന്നൂർ പാതയിലേക്കും ഒഴുകിയെത്തി പാഴാകുന്നത്. കനാലുകൾ വൃത്തിയാക്കി വാലറ്റപ്രദേശങ്ങളിൽ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.