കുറവിലങ്ങാട് : എം.സി. റോഡിൽ കോഴാ സയൻസ് സിറ്റി മുതൽ കുറവിലങ്ങാട് ടൗൺ വരെ അറ്റകുറ്റപ്പണി തുടങ്ങി. ശനിയാഴ്ച വൈകീട്ടോടെ മഴ ശക്തമായതിനാൽ ലക്ഷ്യമിട്ടത്ര ജോലികൾ പൂർത്തിയാക്കാനായില്ല. ഞായറാഴ്ചയും പണികൾ തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

To advertise here,

റോഡ് കൂടുതലായി തകർന്ന സ്ഥലങ്ങളിൽ റീടാറിങ് ഉൾപ്പെടെയുള്ള ജോലികളാണ് നടത്തുന്നത്. കോഴാ സയൻസ് സിറ്റി, വട്ടംകുഴി, ബ്ലോക്ക് കവല എന്നിവിടങ്ങളിൽ പണികൾ പൂർത്തിയായി. ശനിയാഴ്ച കോഴാ മുതൽ കുറവിലങ്ങാട് പള്ളിക്കവല വരെയാണ് ലക്ഷ്യമിട്ടിരുന്നത്. ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

നിർമാണ ജോലികൾ നടക്കുന്നതിനാൽ കോഴാ മുതൽ കുറവിലങ്ങാട് പള്ളിക്കവല വരെ ഞായറാഴ്ചയും ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. മൂവാറ്റുപുഴ ഭാഗത്തുനിന്നുവരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കുര്യനാട്നിന്ന് പൂവത്തിങ്കൽ, ഉഴവൂർ, കിടങ്ങൂർ വഴി കോട്ടയം ഭാഗത്തേക്ക്‌ തിരിച്ചുവിടുകയായിരുന്നു. ചെറിയ വാഹനങ്ങൾ കോഴായിൽനിന്ന് പാലാ റോഡിലേക്ക്‌ തിരിഞ്ഞ് ഇടയാലി കവലയിൽ എത്തി പഞ്ചായത്ത് റോഡിൽ പ്രവേശിച്ച് കുറവിലങ്ങാട് പള്ളിക്കവലയിലേക്കും തിരിച്ചുവിട്ടു.

പാലായിൽനിന്ന്‌ വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കോഴായിൽനിന്ന് തിരിഞ്ഞ് ഞീഴൂർ റോഡിൽ പ്രവേശിച്ച് മാണികാവ്, ഞീഴൂർ, കടുത്തുരുത്തി വഴി വൈക്കം ഭാഗത്തേക്ക് തിരിച്ചുവിട്ടു. കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ എം.സി. റോഡിലൂടെ തന്നെ കടത്തിവിട്ടു.