പത്തിരിപ്പാല : ഋതിക്കിന്റെ കുടുംബത്തിന് താങ്ങായി ലക്കിടി ഉപാസന സേവാസമിതി. നിലംപൊത്താറായ വീട്ടിൽനിന്നൊരു മോചനത്തിനായി മന്ത്രിയടക്കം പലരുടെയും വാതിലിൽ മുട്ടിയെങ്കിലും നടപടിയുണ്ടായില്ല.

To advertise here,

വീഴാറായ വൈദ്യുതക്കാൽ വൈദ്യുതി ബോർഡ് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി വലിയ ദുരന്തം ഒഴിവാക്കിയ ബാലനായിരുന്നു പേരൂർ നടക്കാവിൽ വീട്ടിൽ ഋതിക്ക്. അത് രണ്ടുവർഷം മുൻപാണ്.

ഋതിക്കിനെ അനുമോദിക്കാൻ സംഘടനകളും വ്യക്തികളും വൈദ്യുതിവകുപ്പ് മന്ത്രിയും ഋതിക്കിന്റെ വീട്ടിലെത്തിയിരുന്നു. അന്നത്തെ രണ്ടാം ക്ലാസുകാരൻ എല്ലാവരുടേയും മുന്നിൽ വെച്ച ആവശ്യം സുരക്ഷിതമായി അന്തിയുറങ്ങാനൊരിടം എന്നായിരുന്നു. പരിഗണിക്കാമെന്ന് അന്നത്തെ മന്ത്രിയുടെ വാഗ്ദാനവും ലഭിച്ചു. ഋതിക്ക് നാലാം ക്ലാസിലായിട്ടും അവന് വീടൊരുങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ജീവകാരുണ്യ രംഗത്ത് സജീവസാന്നിധ്യമായ ലക്കിടി ഉപാസന സേവാസമിതി ഋതിക്കിന്റെ ആവശ്യം നിറവേറ്റാൻ രംഗത്തിറങ്ങിയത്. അമ്മയും സഹോദരിയുമുൾപ്പെട്ടതാണ് ഋതിക്കിന്റെ കുടുംബം.

പലരുടെയും ചെറുതും വലുതുമായ സഹായങ്ങൾ സ്വീകരിച്ച് ഉപാസന ഋതിക്കിന് വീടൊരുക്കുന്ന തിരക്കിലാണ്. 350 ചതുരശ്രയടി വിസ്തീർണമുള്ള ഓടിട്ട വീടാണ് ഒരുക്കുന്നത്. നിലംപണിയും ചുമർതേപ്പും ബാക്കിയുണ്ട്. പത്ത് ദിവസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് ഉപാസന സേവാസമിതി അധ്യക്ഷൻ വി. ബാലഗോപാലൻ പറഞ്ഞു.