മങ്കര : “മഴ നനയാതെ അന്തിയുറങ്ങാൻ ഞങ്ങൾക്കും ഒരിടം വേണം. സുരക്ഷിതമായ ഒരു മേൽക്കൂരയ്ക്കു താഴെയിരുന്ന് ഗൃഹപാഠം ചെയ്യണം” -ഇത് പറയുമ്പോൾ വിദ്യാർഥികളായ നന്ദനയുടെയും നവീനിന്റെയും കണ്ണിൽ നനവുപടർന്നു. പ്ലാസ്റ്റിക് ഷീറ്റ്‌ വലിച്ചുകെട്ടിയ മേൽക്കൂരയ്ക്കു താഴെ കട്ടിലിലിരുന്ന് ഈ ഒൻപതാംക്ലാസുകാരിയും നാലാംക്ലാസുകാരനും പറയുന്നത് തീരേ ചെറിയ മോഹങ്ങളാണ്. എന്നാൽ, അതവരുടെ ജീവിതത്തിൽ ഇതുവരെ നടക്കാത്ത കാര്യമാണ്.

To advertise here,

മങ്കര ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാർഡ് കല്ലൂരിലെ അടവക്കാട് വീട്ടിൽ ഉണ്ണിക്കൃഷ്ണനും (46) ഭാര്യ സുജാത(42)യും രണ്ടുമക്കളും താമസിക്കുന്നത് ഏതുനിമിഷവും നിലംപൊത്താവുന്ന ഷെഡ്ഡിലാണ്. കൂട്ടുകുടുംബമായി കഴിഞ്ഞിരുന്ന ഇവർ അഞ്ചുവർഷംമുൻപാണ് കുടുംബസ്വത്തായി ലഭിച്ച അഞ്ചുസെന്റിൽ ഷെഡ്ഡുകെട്ടി താമസം തുടങ്ങിയത്.

 

മഴയും കാറ്റുമുള്ള ദിവസങ്ങളിൽ നാലംഗകുടുംബത്തിന് ഉറക്കമുണ്ടാവില്ല. കാറ്റിൽ അകത്തേക്കുവീഴുന്ന മഴത്തുള്ളികളിൽനിന്ന് പുസ്തകങ്ങളെയും വസ്ത്രങ്ങളെയും രക്ഷിക്കണം. വീട് വീഴാതിരിക്കണേ എന്ന പ്രാർഥനയോടെ, കണ്ണിമ ചിമ്മാതെയിരിക്കണം.

പട്ടികജാതിവിഭാഗത്തിൽപ്പെട്ടയാളാണ് ഉണ്ണിക്കൃഷ്ണൻ. വസ്തുവിന്‌ മതിയായ രേഖകളില്ലെന്നു പറഞ്ഞ് ഇതുവരെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് സുജാത പറയുന്നു. സർവേ നമ്പറുമായി ബന്ധപ്പെട്ട പ്രശ്നമാണുണ്ടായത്. ഒന്നരവർഷംമുൻപ് രേഖകളെല്ലാം ശരിയാക്കി. പിന്നീട് ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷിച്ചെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കാത്തത് പ്രശ്നമായെന്നും പറയുന്നു.

ഇതിനിടെ ഉണ്ണിക്കൃഷ്ണൻ അസുഖബാധിതനായി കിടപ്പിലായതോടെ നിത്യജീവിതത്തിനുള്ള വഴിയുംമുട്ടി. സുജാത പുറംപണിക്കുപോയി ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിച്ചുകൂട്ടുന്നത്. തുച്ഛവരുമാനം ആഹാരത്തിനുതന്നെ മതിയാകാത്ത സ്ഥിതിയാണ്. ഉണ്ണിക്കൃഷ്ണന്റെ മരുന്നിനും വഴിയില്ലാതായി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും അടുത്ത വീട്ടുകാരെ ആശ്രയിക്കേണ്ട നിലയിലാണ് കുടുംബം.

അതേസമയം, അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം എം.വി. കൃഷ്ണദാസ് പറഞ്ഞു. കുടുംബത്തിന്റെ സുരക്ഷയ്ക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. ഷാജീവ്‌ അറിയിച്ചു.