പാലക്കാട് : എസ്.എഫ്.ഐ.യുടെ പരിപാടി നടക്കാനിരിക്കേ മുന്നറിയിപ്പില്ലാതെ ചിറ്റൂർ ഗവ. കോളേജിന് അവധിനൽകിയതിൽ എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പ്രിൻസിപ്പലിനെ ഉപരോധിച്ചു. കോളേജിൽ ഒന്നാംവർഷ വിദ്യാർഥികളെ സ്വീകരിക്കാനായി ചൊവ്വാഴ്ച നടത്താനിരുന്ന വിദ്യാർഥി കൺവെൻഷൻ മുടങ്ങിയതിനെത്തുടർന്നാണിത്.
ഉച്ചയ്ക്ക് 12-ന് കൺവെൻഷൻ നടത്തുമെന്ന് തിങ്കളാഴ്ച അറിയിപ്പ് നൽകിയിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ചൊവ്വാഴ്ച രാവിലെ കോളേജധികൃതരുടെ നിർദേശപ്രകാരം പരിപാടി ഉച്ചയ്ക്ക് ഒന്നിലേക്കുമാറ്റിയെങ്കിലും ഒരു മുന്നറിയിപ്പും കൂടാതെ പന്ത്രണ്ടേകാലിന് ക്ലാസുകൾ വിടുകയായിരുന്നെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. തിങ്കളാഴ്ച കോളേജിന് അവധിപ്രഖ്യാപിക്കുകയോ അവധി നൽകുന്ന വിവരം മുൻകൂട്ടി അറിയിക്കുകയോ ചെയ്തില്ലെന്നും എസ്.എഫ്.ഐ. ആരോപിച്ചു.
മുൻ എം.എൽ.എ. കെ. അച്യുതന്റെ സംസ്കാരച്ചടങ്ങുകൾ ഒരുമണിക്ക് അവസാനിച്ചശേഷം ഉച്ചയ്ക്കുശേഷം അവധി നൽകുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.എഫ്.ഐ ചിറ്റൂർ ഏരിയാസെക്രട്ടറി ജിഷ്ണു ആരോപിച്ചു. കെ. അച്യുതന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വന്ന ഹെലികോപ്റ്റർ കോളേജ് ഗ്രൗണ്ടിൽ ഇറക്കാനാണ് അവധി നൽകിയതെന്നും എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി ആരോപിച്ചു.
എന്നാൽ, മുൻ എം.എൽ.എ. കെ. അച്യുതന്റെ വിയോഗത്തെത്തുടർന്നാണ് അവധി നൽകിയതെന്നാണ് കോളേജധികൃതരുടെ വിശദീകരണം. കെ. അച്യുതന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അവധി നൽകണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നെന്നും മണ്ഡലത്തിലെ മുൻ എം.എൽ.എ. എന്നനിലയിലും കോളേജിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ കൊണ്ടുവന്ന വ്യക്തി എന്നനിലയിലുമാണ് അവധി നൽകിയതെന്നും പ്രിൻസിപ്പൽ ബി. പ്രദീപ് കുമാർ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട മറ്റാരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി.
Published: 09 Sept 2026, 03:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented