ഷാർജ : ലോകമെമ്പാടുമുള്ള പുസ്തക പ്രസാധന രംഗത്തെ പ്രമുഖരും വിദഗ്ധരും അണിനിരക്കുന്ന 16-ാമത് ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനം ഞായറാഴ്ച ആരംഭിക്കും. നവംബർ മൂന്ന് വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ആഗോള പുസ്തക വിപണിയെയും സാങ്കേതിക മുന്നേറ്റങ്ങളെയും സംബന്ധിച്ച് 30 സുപ്രധാന വിഷയങ്ങളാണ് ചർച്ചചെയ്യുന്നത്. പ്രസാധകർക്കും ലിറ്റററി ഏജന്റുമാർക്കും പകർപ്പവകാശങ്ങളും പരിഭാഷാ അവകാശങ്ങളും കൈമാറുന്നതിനും ബിസിനസ് പങ്കാളിത്തങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

To advertise here,

 

ഷാർജ ബുക്ക് അതോറിറ്റി (എസ്.ബി.എ) അധ്യക്ഷ ശൈഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ മുഖ്യപ്രഭാഷണത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. വരാനിരിക്കുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (എസ്.ഐ.ബി.എഫ്) വിശിഷ്ടാതിഥി രാജ്യമായ ഒമാനെ പ്രതിനിധീകരിച്ച് മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവ ഡയറക്ടർ അഹമ്മദ് ബിൻ സൗദ് അൽ റവാഹി, യു.എസ് പെങ്കുയിൻ റാൻഡം ഹൗസിലെ റാൻഡം ഹൗസ് ഗ്രൂപ്പ് പ്രസിഡന്റ് സാന്യു ഡില്ലൺ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കും.

ആദ്യദിനത്തിൽ പുസ്തക എഡിറ്റിങ്‌, പ്രൂഫ് റീഡിങ്‌, മാർക്കറ്റിങ്‌, ഓഡിയോ ബുക്ക് നിർമ്മാണം എന്നിവയിൽ കൃത്രിമബുദ്ധി (എ.ഐ) ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിപുലമായ പാനൽ ചർച്ചകൾ നടക്കും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ പകർപ്പവകാശ മാനദണ്ഡങ്ങൾ, പുസ്തകങ്ങളെ സിനിമകളായും ടെലിവിഷൻ പരമ്പരകളായും മാറ്റുന്നതിനുള്ള സാങ്കേതിക സാധ്യതകൾ, ആമസോൺ, നൂൺ തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴിയുള്ള പുസ്തക വിപണനം എന്നിവയും സഭയിൽ വിഷയമാകും. ചെറുകിട-ഇടത്തരം പ്രസാധക സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് എ.ഐ. ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അറബിക് ഭാഷാ സെഷനുകളും ഇതിന്റെ ഭാഗമായി നടക്കും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന നേരിട്ടുള്ള ബിസിനസ്സ് കൂടിക്കാഴ്ചകൾക്ക് പുറമെ, അറബ് മേഖലയിൽ ഭിന്നശേഷിക്കാർക്കുള്ള പുസ്തക ലഭ്യത ഉറപ്പാക്കുന്ന മാരാകേഷ് ഉടമ്പടി നടപ്പിലാക്കുന്നതിനായുള്ള പ്രത്യേക യോഗങ്ങളും ബോർഡ് റൂം എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി നടക്കും.

നവംബർ നാലിന് തുടക്കമാകുന്ന 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായി ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പ്രധാന പ്രൊഫഷണൽ പരിപാടികളിലൊന്നാണിത്.