റോഡ് നവീകരണം നടക്കുന്നതിനാൽ സന്ദർശകർ തത്കാലം കാത്തിരിക്കണം
മണ്ണാർക്കാട് : വിനോദസഞ്ചാരകേന്ദ്രമായ ശിരുവാണിയിലേക്കുള്ള ഇക്കോ ടൂറിസം പുനരാരംഭിച്ചിട്ട് രണ്ടുവർഷം തികയുന്നു. ആറുവർഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് 2024 നവംബർ ഒന്നിനാണ് വനംവകുപ്പ് ഇക്കോ ടൂറിസം തുടങ്ങിയത്.
അതേസമയം ശിരുവാണിയിലേക്കുള്ള റോഡ് നവീകരണം തുടങ്ങിയതോടെ ഈവർഷം ഏപ്രിൽമുതൽ സന്ദർശകരുടെ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. റോഡ് നവീകരണം പൂർത്തിയായാൽമാത്രമേ സന്ദർശകരെ പ്രവേശിപ്പിനാവൂ. പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുമുണ്ട്.
ആകർഷണം മുത്തികുളം വനത്തിലൂടെയുള്ള യാത്ര
13 മാസത്തെ പ്രവർത്തനകാലയളവിൽ 8,400 പേർ ശിരുവാണി സന്ദർശിച്ചു. പ്രവേശനഫീസിനത്തിൽ 40 ലക്ഷത്തിലധികം രൂപ വനംവകുപ്പിന് ലഭിക്കുകയുംചെയ്തു. ശിരുവാണിയിലെ നിബിഢവനവും അണക്കെട്ടും കേരളമേടും സന്ദർശിക്കാനാണ് സഞ്ചാരികളുടെതിരക്ക്. ടൂറിസം ഗൈഡിന്റെ സഹായത്തോടെ 21 കിലോമീറ്റർ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള യാത്രയാണ് ആകർഷണം.
വന്യജീവികളേയും അടുത്തുകാണാം. പുൽമേടായ കേരളാമേട്ടിലേക്ക് ഒരുകിലോമീറ്റർ ട്രക്കിങ്ങുമുണ്ട്. രാവിലേയും ഉച്ചയ്ക്കുമാണ് പ്രവേശനം. മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്നവർക്കാണ് പ്രവേശനം. റോഡ് സഞ്ചാരയോഗ്യമായാൽ വിനോദസഞ്ചാരം ഉടൻ പുനരാരംഭിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
പ്രശ്നം യാത്രാക്ലേശം
2018, 19 വർഷങ്ങളിലെ പ്രളയസമയത്താണ് വ്യാപകമായി മണ്ണിടിച്ചിലും റോഡ് തകർച്ചയുമുണ്ടായത്. പിന്നീട്, നാലുകിലോ മീറ്റർ റോഡ് നവീകരണം മാത്രമാണ് നടത്തിയത്. മറ്റു ഭാഗങ്ങളിലെ തകർച്ച പരിഹരിക്കപ്പെടാതെ കിടന്നത് വിനോദസഞ്ചാരത്തേയും ശിങ്കപ്പാറ ആദിവാസി ഊരിലുള്ളവരുടെ യാത്രകളേയും ബുദ്ധിമുട്ടിലാക്കി. ജലസേചന, വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഏക സഞ്ചാരപാതയാണിത്. യാത്രാ പ്രതിസന്ധി വർധിച്ചതോടെയാണ് റോഡ് നവീകരണം തുടങ്ങാനുള്ള നടപടി വേഗത്തിലാക്കിയത്.
കേരള-തമിഴ്‌നാട് അന്തർസംസ്ഥാന കരാറിലുൾപ്പെട്ട ശിരുവാണിയിലേക്കുള്ള റോഡ് 16 കോടിരൂപ ചെലവിലാണ് ജലസേചനവകുപ്പ് നവീകരിക്കുന്നത്. ഇഞ്ചിക്കുന്ന് ചെക്പോസ്റ്റ് മുതൽ കേരളമേടുവരെയുള്ള 17 കിലോമീറ്റർ ദൂരത്തിലെ 13 കിലോമീറ്റർറോഡ് അഞ്ചു റീച്ചുകളായാണ് നവീകരണം. ഇതിൽ ആദ്യറീച്ചിൽ റോഡ് കോൺക്രീറ്റിങ് പൂർത്തിയായി.
മറ്റു റീച്ചുകളിൽ സംരക്ഷണഭിത്തികളുടെ നിർമാണവും പുരോഗമിക്കുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയും വന്യമൃഗങ്ങളുടെ സഞ്ചാരത്തിന് തടസംവരാത്തരീതിയിലുമാണ് പ്രവൃത്തികൾ. കേരളമേട്, ഡാം സൈറ്റ്, എസ് വളവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 15 സംരക്ഷണഭിത്തികളാണ് നിർമിക്കുന്നത്. ഇതിന്റെ നിർമാണം പൂർത്തിയായാൽ റോഡ് ടാറിങ് തുടങ്ങും.
Published: 31 Oct 2026, 03:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented