ജാതി അധിക്ഷേപം; വിദ്യാർഥി ജീവനൊടുക്കിയ കേസ്

To advertise here,

കോയമ്പത്തൂർ : ജാതി അധിക്ഷേപത്തെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ. കേസിൽ ക്ലാസ് ടീച്ചർ പി. വിജയകുമാർ, പ്രധാനാധ്യാപകൻ എസ്. അരുൺകുമാർ എന്നിവർക്കെതിരേ കേസെടുത്തു. രണ്ടു സഹപാഠികളെ അറസ്റ്റുചെയ്തു.

പീളമേട് കൃഷ്ണസ്വാമി സ്മാരക ഗവ. എയ്ഡഡ് സ്‌കൂളിലെ വിദ്യാർഥി എ. അകിലൻ(16) ആണ് രണ്ടുദിവസംമുൻപ് ആത്മഹത്യ ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഖിലൻ ജാതി അധിക്ഷേപത്തിന് ഇരയായതായി പറയുന്നു. അഖിലന്റെ ഭക്ഷണരീതിയെച്ചൊല്ലി അറസ്റ്റിലായ വിദ്യാർഥികളും അധ്യാപകനും മാനസികമായി പീഡിപ്പിച്ചു, ഇതിൽ മനം നൊന്താണ് അഖിലൻ ആത്മഹത്യ ചെയ്തതെന്ന് അമ്മ കൗസല്യാദേവി നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ സിറ്റി പോലീസ് കേസെടുക്കുകയായിരുന്നു. വിദ്യാർഥികളെ കോടതിയിൽ ഹാജരാക്കിയശേഷം ജുവൈനൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ശിശുക്ഷേമ സമിതി എന്നിവ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനാധ്യാപകനെയും ക്ലാസ് ടീച്ചറെയും സസ്‌പെന്റ് ചെയ്തിരുന്നു.

ജാതി അധിക്ഷേപം തെളിഞ്ഞാൽ കൂടുതൽ ശക്തമായ നടപടിയുണ്ടാവുമെന്ന് സിറ്റി പോലീസ് അറിയിച്ചു. ഇതിനിടെ അഖിലന്റെ രക്ഷിതാക്കളും ബന്ധുക്കളും ചേർന്ന് കളക്ടറേറ്റിൽ ഉപരോധ സമരം നടത്തി. അഖിലന്റെ മരണത്തിൽ പോലീസ് അനാസ്ഥ കാണിച്ചെന്നും ഇനിയെങ്കിലും കുറ്റക്കാർക്കെതിരേ കേസെടുത്ത് ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.

ജാതി അധിക്ഷേപ കേസുകളിൽ ശക്തമായ നടപടിയെടുക്കുന്നതിന് സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാണിക്കം ടാഘോർ എം.പി. ആവശ്യപ്പെട്ടു.

അകിലന്റെ മരണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് വി.സി.കെ. നേതാവ് തോൾ തിരുമാവളവൻ എം.പി. ആവശ്യപ്പെട്ടു.