വലഞ്ഞ് യാത്രക്കാർ

To advertise here,

ഒറ്റപ്പാലം : പാലക്കാട്-കുളപ്പുള്ളി പാതയിൽ കണ്ണിയംപുറത്ത് യാത്രക്കാരെ വലച്ച് വെള്ളക്കെട്ട്.

കണ്ണിയംപുറം പെട്രോൾപമ്പിന്‌ സമീപമാണ് ചെറിയൊരു മഴപെയ്താൽപ്പോലും വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇതുവഴി സഞ്ചരിക്കുന്ന നൂറുകണക്കിന് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കുമിത് ഒരുപോലെ ബുദ്ധിമുട്ടാവുകയാണ്. നടന്നുപോകുന്നവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്ന പ്രശ്നവുമുണ്ട്.

ഇടവേളയ്ക്കുശേഷം മഴ തുടങ്ങിയതോടെയാണ് പ്രധാനപാതയിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രശ്നം തുടങ്ങിയത്. ഇതുമൂലം വാഹനങ്ങൾ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നുണ്ട്.

ഇറക്കമായതിനാൽ കണ്ണിയംപുറം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകാറുള്ളത്. ഇതും ഭീഷണിയുയർത്തുന്നുണ്ട്.

രാത്രിയിൽ അതിശക്തമായി മഴപെയ്യുമ്പോഴാണ് കൂടുതൽപ്രശ്നം. ഇരുവശത്തും മഴവെള്ളച്ചാലുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകുന്നതിന്‌ തടസ്സമുണ്ട്. മഴവെള്ളച്ചാലിൽ ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കയും ചെയ്യും.

അതേസമയം, പ്രശ്നം പരിശോധിച്ച് ആവശ്യമായനടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.