തൃശ്ശൂർ : മൂക്കുപൊത്താതെ നടക്കാൻ പോലുമാകുമായിരുന്നില്ല. മാലിന്യം കുന്നുകൂടിയും കാടുപിടിച്ചും കിടന്നിരുന്നയിടം. ഇന്നിവിടെ വെണ്ടയും വഴുതനയും തക്കാളിയും പയറും ചീരയും പച്ചമുളകുമെല്ലാം വിളഞ്ഞുനിൽക്കുകയാണ്. ആരും അദ്ഭുതത്തോടെ നോക്കുന്ന പച്ചക്കറിത്തോട്ടമായി അവിടം മാറിക്കഴിഞ്ഞു. കൊക്കാല ഡിവിഷനിൽ തൃശ്ശൂർ റെയിൽവേ സ്റ്റേഷനു പിന്നിലാണ് മാലിന്യക്കൂമ്പാരത്തെ കൃഷിയിടമാക്കി മാറ്റിയ ഈ വേറിട്ട മാതൃക.
കോർപറേഷന്റെ ഉപയോഗശൂന്യമായ സ്ഥലത്താണ് കൊക്കാല ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാറിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയത്.
മാലിന്യമുക്ത ഡിവിഷൻ എന്ന ലക്ഷ്യത്തോടെ മൂന്നുമാസംമുൻപ് ജൂലായിലാണ് പദ്ധതി തുടങ്ങിയത്. മാലിന്യംനിറഞ്ഞ് കാടുപിടിച്ചുകിടന്നിരുന്ന സ്ഥലം ഒരാഴ്ചത്തെ പരിശ്രമത്തിലൂടെ വൃത്തിയാക്കി.
കൗൺസിലറുടെ ഭർത്താവ് അരുൺകുമാർ, സഹോദരനും ഡിവിഷൻ കൺവീനറുമായ അജയൻ, ഡിവിഷൻ ഇൻചാർജ് സുധീർ ബാബു, കോർപറേഷൻ ജീവനക്കാർ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലാണ് സ്ഥലം കൃഷിയിടമായത്. ജൂലായ് 31-ന് കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പച്ചക്കറിത്തൈകൾ നട്ട് തുടക്കമിട്ടു. ഒക്ടോബർ 24-ന് മേയർ തന്നെ വിളവെടുപ്പും നടത്തി.
കൃഷിയുടെ ചെലവുകൾ സ്വന്തം നിലയ്ക്ക് കണ്ടെത്തും. വിളവെടുക്കുന്ന പച്ചക്കറികൾ ഡിവിഷനിലെ റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധപ്രവർത്തകർ, കോർപറേഷൻ ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവരിലേക്ക് എത്തിക്കുകയാണ്. പദ്ധതിക്കായി പ്രവർത്തിച്ചവർക്കൊപ്പം ഡിവിഷനിലെ കൂടുതൽ ആളുകളിലേക്കും കൃഷിയുടെ നേട്ടമെത്തിക്കുകയാണ് ലക്ഷ്യം.
ഡിവിഷനിലെ ഒഴിഞ്ഞുകിടക്കുന്നതും മാലിന്യം നിറഞ്ഞതുമായ മറ്റു സ്ഥലങ്ങളിലേക്കും കൃഷി വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.
Published: 02 Nov 2026, 02:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented