അഗ്രഹാരവീഥികളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല

To advertise here,

പാലക്കാട് : പൈതൃകഗ്രാമമായ കല്പാത്തിയുടെ ഗ്രാമദേവതകൾക്ക് ഇന്ന് രഥാരോഹണം. ഇനി മൂന്നുദിവസം കല്പാത്തി അഗ്രഹാരവീഥികൾ തേരുകളെ വലംവെച്ച് ഒഴുകുന്ന ജനനദിയാവും. തിങ്കളാഴ്ച സന്ധ്യയ്ക്ക് തേരുമുട്ടിയിൽ ദേവരഥങ്ങൾ സംഗമിക്കുവോളം തേരുകൊട്ടിനൊപ്പം ചുവടുകൾവെച്ചും തലമുറകൾ നിറംചാർത്തിയ ഉത്സവനിമിഷങ്ങളെ സ്വന്തമാക്കിയും ഉത്സവപ്രേമികൾ ആനന്ദിക്കും.

ആദ്യദിനമായ ശനിയാഴ്ച വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രത്തിലെ മൂന്നുരഥങ്ങളാണ് പ്രയാണമാരംഭിക്കുക. രണ്ടാംനാളായ ഞായറാഴ്ച പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിലെ രഥം വീഥിയിലെത്തും. മൂന്നാംനാൾ പഴയകല്പാത്തി, ചാത്തപ്പുരം ഗ്രാമദേവതകളുടെ രഥങ്ങളും പ്രയാണമാരംഭിക്കും. തിങ്കളാഴ്ച സന്ധ്യയ്ക്ക് രഥങ്ങൾ തേരുമുട്ടികടന്ന് പുതിയകല്പാത്തി ഗ്രാമവീഥിയിൽ മുഖാമുഖമെത്തുന്നതോടെ രഥസംഗമവേളയായി. വിശ്വാസികൾ കാത്തിരിക്കുന്ന നിമിഷവും അതാണ്.

ശനിയാഴ്ച രാവിലെ ഏഴുമുതൽ രഥോത്സവത്തിന്റെ ഭാഗമായ ഉപനിഷദ് പാരായണം, വേദപാരായണം എന്നിവയാരംഭിക്കും. വേദപാരായണ സമാപ്തിക്കുശേഷം രാവിലെ പത്തുമുതൽ വിശ്വനാഥസ്വാമിയുടെയും വിശാലാക്ഷി അമ്മന്റെയും തിരുകല്യാണ ഉത്സവമാണ്. തിരുകല്യാണത്തിനുശേഷം മംഗളവാദ്യത്തിന്റെയും വേദഘോഷങ്ങളുടെയും അകമ്പടിയിൽ പുറത്തേക്കെഴുന്നള്ളിക്കും. മായാവരത്തെ ഉത്സവത്തിനുസമാനമായ ചടങ്ങുകളോടെയാണ് കല്പാത്തിയിലും രഥോത്സവം.

പാലക്കാട്ടുശ്ശേരി രാജപ്രതിനിധിയും ക്ഷേത്രം ടസ്റ്റിയുമായ വി.കെ. ചന്ദ്രശേഖരവർമയുടെ പ്രതിനിധിയും മാനേജിങ്‌ ട്രസ്റ്റിയുമായ വി.കെ. സുജിത്കുമാർവർമയുടെയും ഗ്രാമജനങ്ങളുടെയും നേതൃത്വത്തിൽ ആചാരത്തികവോടെയാണ് പുറത്തേക്കെഴുന്നള്ളിക്കൽ. രഥാരോഹണശേഷം കിഴക്കുദിശയിലേക്ക് കുറച്ചുദൂരം രഥങ്ങൾ വലിച്ചുനീക്കും. ഉച്ചയ്ക്ക് 11.45 -നും 12.15-നുമിടയിലാണ് രഥാരോഹണം. വൈകീട്ട് നാലിന് രഥപ്രയാണം പുനരാരംഭിക്കും. ആദ്യദിവസം മന്തക്കര മഹാഗണപതിക്ഷേത്രത്തിനുമുൻപിലെത്തി യാത്ര തുടർന്ന് അച്ചൻപടിക്ക് സമീപമെത്തി രഥങ്ങൾ നിലകൊള്ളും. വൈകീട്ടത്തെ പൂജകൾ ഇവിടെയാണ്. രണ്ടാംതേരുനാളിൽ വൈകീട്ട് നാലിന് മൂന്നുരഥങ്ങളും അച്ചൻപടിയുടെ സമീപത്തുനിന്ന് പ്രയാണം പുനരാരംഭിക്കും.

പുതിയകല്പാത്തിയിൽ ഇന്ന് അശ്വവാഹനം

പുതിയകല്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രത്തിൽ ശനിയാഴ്ച രാത്രിയിലെ എഴുന്നള്ളത്ത് അശ്വവാഹനത്തിലാണ്. പാരമ്പര്യത്തികവോടെയാണ് അശ്വവാഹനം അണിയിച്ചൊരുക്കുക. രാവിലെ ആറിന് യാഗശാലാപൂജകളാരംഭിക്കും. എട്ടിന് വേദപാരായണം, രുദ്രാഭിഷേകം, 11-ന് കലശാഭിഷേകം, വൈകീട്ട് 6.45-ന് രുദ്രക്രമാർച്ചന എന്നിവയ്ക്കുശേഷം അശ്വവാഹനത്തിൽ എഴുന്നള്ളത്താരംഭിക്കും.

പഴയകല്പാത്തിയിൽ മോഹിനി അലങ്കാരം

പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രത്തിൽ ശനിയാഴ്ചത്തെ എഴുന്നള്ളത്ത് മോഹിനി അലങ്കാര രൂപത്തിലാണ്. അമൃതകലശവുമായുള്ള രൂപത്തിലാണ് അലങ്കാരം. രാവിലെ എട്ടരയ്ക്ക് വിഘ്നേശ്വരപൂജ, സങ്കൽപ്പം, 11-ന് കളഭാഭിഷേകം, രാത്രി എട്ടരയ്ക്ക് എഴുന്നള്ളത്ത് എന്നിവയുണ്ട്.

ചാത്തപുരത്ത് മൂഷികവാഹനം

ചാത്തപുരം പ്രസന്നമഹാഗണപതിക്ഷേത്രത്തിൽ ശനിയാഴ്ച മൂഷികവാഹനത്തിലാണ് എഴുന്നള്ളത്ത്. രാവിലെ എട്ടരയ്ക്ക് യാഗശാലാ പുണ്യാഹം, യാഗശാലാപൂജ എന്നിവയാരംഭിക്കും. അഗ്നി ആരാധന, ചതുർവേദ പാരായണം, 11-ന് ഉത്സവബലി, വൈകീട്ട് ആറിന് യാഗശാലാപൂജ, ഏഴിന് പുഷ്പാഭിഷേകം, ചതുർവേദ പാരായണം എന്നിവയ്ക്കുശേഷം രാത്രി ഒൻപതിന് എഴുന്നള്ളത്താരംഭിക്കും.

24 മണിക്കൂറും ഡ്രോൺ നിരീക്ഷണം

പാലക്കാട് : രഥോത്സവത്തോടനുബന്ധിച്ച് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ പാലക്കാട്ട് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രഥോത്സവം നടക്കുന്ന ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ അഗ്രഹാരവീഥികളിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. പോലീസ് നിർദേശിക്കുന്ന പാർക്കിങ് സ്ഥലങ്ങളിൽമാത്രം വാഹനങ്ങൾ നിർത്തിയിടണം. സംശയാസ്പദസാഹചര്യങ്ങളിൽ വ്യക്തികളെ കണ്ടാൽ പോലീസിനെ അറിയിക്കണമെന്നും നിർദേശിച്ചു.

സുരക്ഷയ്ക്ക് 1,200 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 12 ഡിവൈ.എസ്.പി.മാർ, 36 സി.ഐ.മാർ, 75 എസ്.ഐ.മാർ എന്നിവരടക്കമാണിത്. 24 മണിക്കൂറും ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി.