താലൂക്ക് ആശുപത്രിയോടുചേർന്ന് നഴ്സിങ് കോളേജും സ്കൂളും
ചേർത്തല : ജില്ല-താലൂക്ക് ആശുപത്രികളോടുചേർന്ന് നഴ്സിങ് കോളേജുകളും മറ്റും സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം ചേർത്തലക്കാർക്ക് വീണ്ടും പ്രതീക്ഷ നൽകുന്നു. താലൂക്ക് ആശുപത്രിയോടു ചേർന്ന് നഴ്സിങ് കോളേജും സ്കൂളും മറ്റു പാരാമെഡിക്കൽ പഠനകേന്ദ്രങ്ങളും സ്ഥാപിക്കണമെന്ന ആവശ്യത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. താലൂക്ക് ആശുപത്രിയുടെ തെക്കുവശത്തുള്ള സ്ഥലത്ത് നഴ്സിങ് കോളേജും സ്കൂളും മറ്റും സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത് 1975 കാലഘട്ടത്തിലാണ്. ക്ഷയരോഗികൾക്കായി ആശുപത്രിയുടെ തെക്കുവശത്ത് പ്രത്യേക വാർഡുണ്ടായിരുന്നു. ക്ഷയരോഗികൾ ചികിത്സ തേടി എത്താതായതോടെ ഈ വാർഡിന്റെ പ്രവർത്തനം 1975 കാലഘട്ടത്തിൽ പൂർണമായി നിലച്ചു. തുടർന്ന്, കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൊളിച്ചുമാറ്റി. വാർഡും മറ്റും സ്ഥിതിചെയ്തിരുന്ന സ്ഥലം ആകെ കാടുകയറി.
ചേർത്തലയിലെ ജനപ്രതിനിധികളും താലൂക്ക് ആശുപത്രി അധികൃതരും മറ്റും അന്നുമുതൽ നഴ്സിങ് കോളേജിനും സ്കൂളിനുമായി പലവട്ടം നിവേദനങ്ങൾ നൽകി. സർക്കാരിലും ഏറെ സമ്മർദം ചെലുത്തിയെങ്കിലും നടപടികളുണ്ടായില്ല. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ നഴ്സിങ് കോളേജ്, സ്കൂൾ പദ്ധതിക്കു ചില നടപടി തുടങ്ങി. ബഹുനിലമന്ദിരം പണിയാനായിരുന്നു പദ്ധതി. ഇതിനുവേണ്ടിയുള്ള ചില പഠനങ്ങളും ആലോചനകളും നടത്തി. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല.
ആശുപത്രിയുടെ തെക്കുവശം ഒരേക്കറോളം സ്ഥലമാണ് ആരോഗ്യവകുപ്പിനുള്ളത്. ഇതാകെ കാടുകയറിയിരിക്കുകയാണ്. അധികൃതർ സ്ഥലം സംരക്ഷിക്കാൻ യാതൊന്നും ചെയ്യുന്നില്ല. പലഭാഗത്തും കൈയേറ്റവും നടന്നിട്ടുണ്ട്. ചേർത്തല താലൂക്ക് ആശുപത്രിയിൽ 242 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. നഴ്സിങ് കോളേജും സ്കൂളും അനുബന്ധ സ്ഥാപനങ്ങളും യാഥാർഥ്യമായാൽ, വിദ്യാർഥികൾക്ക് ആവശ്യമായ പ്രായോഗിക പരിശീലനത്തിന് ആശുപത്രിയിലെ സംവിധാനങ്ങൾ ഉപയോഗിക്കാനാകും.
ഒപ്പം ആശുപത്രിയിലെ നഴ്സിങ് ജീവനക്കാരുടെയും മറ്റും കുറവിന് ഒരളവുവരെ പരിഹാരമാകും.
Published: 14 Nov 2026, 03:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented