കൊടൈക്കനാലിലും ശക്തമായ മഴ

To advertise here,

പൊള്ളാച്ചി-വാൽപ്പാറ, കോയമ്പത്തൂർ-നീലഗിരി പാതകളിൽ രാത്രിയാത്ര നിരോധിച്ചു

ഊട്ടി: വെള്ളിയാഴ്ച വൈകീട്ടുമുതൽ പെയ്ത കനത്തമഴയിൽ മേട്ടുപ്പാളയത്തുനിന്ന് ഊട്ടിയിലേക്കുള്ള രണ്ട് പ്രധാന റോഡുകളിൽ 19 ഇടത്ത്‌ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. കൂനൂരിന് സമീപം ബർളിയാറിൽ ഓടിക്കൊണ്ടിരുന്ന സർക്കാർബസിന് മുകളിൽ മണ്ണും മരങ്ങളും പാറയുംവീണ് ഊട്ടി സ്വദേശിയായ ഡ്രൈവർ മരിച്ചു. കണ്ടക്ടർക്ക് പരിക്കേറ്റു. ഊട്ടി പൈതൃക തീവണ്ടി സർവീസ് റദ്ദാക്കി. ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ നീലഗിരി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചിടാൻ കളക്ടർ നിർദേശം നൽകി.

കൂനൂർറോഡിലും കോത്തഗിരിറോഡിലും ഗതാഗതം പൂർണമായും സ്തംഭിച്ചു. വിനോദസഞ്ചാരികൾ രാത്രിമുഴുവൻ റോഡിൽക്കുടുങ്ങി. മണിക്കൂറുകൾനീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് കേരളത്തിൽനിന്നുള്ള 200-ഓളം വിദ്യാർഥികളും ദുരിതത്തിലായി.

മേട്ടുപ്പാളയം-ഊട്ടി, ഊട്ടി-കോത്തഗിരി, ഊട്ടി-മഞ്ചൂർ റോഡുകളിൽ പലേടത്തും കൂറ്റൻപാറകളും മണ്ണും മരങ്ങളും റോഡിലേക്കുവീണു. ശനിയാഴ്ച രാവിലെ അഗ്നിസേനാവിഭാഗവും ദേശീയ ദുരന്തനിവാരണ സേനയും എത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കാൻ തുടങ്ങിയത്. കൊടൈക്കനാലിലും ശക്തമായ മഴയാണ് പെയ്തത്. അടുക്കറോഡ് ഭാഗത്ത് മലവെള്ളപ്പാച്ചിലിൽ റോഡ് പൂർണമായും തകർന്നു.

തിങ്കളാഴ്ചവരെ കോയമ്പത്തൂർ-നീലഗിരി പാതയിലും പൊള്ളാച്ചി-വാൽപ്പാറ റോഡിലും വൈകീട്ട് ആറുമുതൽ രാവിലെ ഏഴുവരെ അവശ്യസർവീസുകളൊഴികെ എല്ലാ ഗതാഗതവും നിരോധിച്ചതായി കോയമ്പത്തൂർ ജില്ലാ കളക്ടർ അറിയിച്ചു.